കരുവന്നൂരിൽ സി ബി ഐ: വ്യാപക കൈക്കൂലിയും ദുരൂഹമരണങ്ങളും, നേരറിയാൻ സി.ബി.ഐ. എത്തിയേക്കും.

ഒറ്റനോട്ടത്തിൽ:

അന്വേഷണത്തിന് സി.ബി.ഐ. എത്താൻ സാധ്യത

മിക്ക ബാങ്കുകളിലും ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയത് കണ്ടെത്തിയിട്ടുണ്ട്

2011-ൽ തുടങ്ങിയ തട്ടിപ്പ് 2020 വരെ പുറത്തുവരാത്തതിൽ സഹകരണ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്

കരുവന്നൂരിലെ തട്ടിപ്പ് പാർട്ടിയെ അറിയിച്ച രാജീവിനെ മാടായിക്കോണത്തെ ട്രാൻസ്‌ഫോർമറിന് സമീപം കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു

ബാങ്കിൽ ജീവനക്കാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ശിവലാലിനെ 12 വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായതാണ്

തൃശ്ശൂർ: കരുവന്നൂരിൽ തുടങ്ങിയ അന്വേഷണം കൂടുതൽ ബാങ്കുകളിലേക്ക് നീങ്ങിയപ്പോൾ വ്യാപക കൈക്കൂലിയും ദുരൂഹമരണങ്ങളും വ്യക്തമായതോടെ അന്വേഷണത്തിന് സി.ബി.ഐ. എത്താൻ സാധ്യതയേറി. ഇ.ഡി.ക്ക് കൈകടത്താനാകാത്ത മേഖലയാണ് കൈക്കൂലിയും ദൂരുഹമരണങ്ങളും. ഇ.ഡി. അന്വേഷിച്ച സഹകരണ ബാങ്കുകളിൽ ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചിലരും വായ്പാത്തട്ടിപ്പിനും കള്ളപ്പണ ഇടപാടിനും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. വായ്പയുടെയും കള്ളപ്പണ ഇടപാടിന്റെയും നിശ്ചിത ശതമാനമാണ് കൈക്കൂലി വാങ്ങിയിരുന്നത്.

ഒരു ബാങ്കിൽ ഭരണസമിതിയിലെ പ്രമുഖൻ ഓരോ വായ്പയ്ക്കും 50,000 മുതൽ രണ്ടുലക്ഷം വരെ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. ഇൗ പണം അനധികൃതമായി സമ്പാദിച്ചതിനുമാത്രമേ ഇ.ഡി.ക്ക് കേസെടുക്കാനാകൂ. കൈക്കൂലി വാങ്ങിയതിന് നടപടിയെടുക്കാനാകില്ല. മിക്ക ബാങ്കുകളിലും ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയത് കണ്ടെത്തിയിട്ടുണ്ട്.

കരുവന്നൂർ ബാങ്കിൽ മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവർ‍ വായ്പാത്തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ചതായി ഇ.ഡി. കണ്ടെത്തിയിരുന്നു. എന്നാൽ ഇവരെ ഇ.ഡി. അറസ്റ്റ് ചെയ്തില്ല. കരുവന്നൂർ ബാങ്കിലൂടെ കള്ളപ്പണ ഇടപാട് നടത്തിയ വെളപ്പായ സതീശൻ, പി.പി. കിരൺ എന്നിവരെ മാത്രമാണ് അറസ്റ്റു ചെയ്തത്. ഇതിന് കൂട്ടുനിന്ന് കൈക്കൂലിയിനത്തിലും പണമുണ്ടാക്കിയത് ബിജു കരീം, സി.കെ. ജിൽസ് എന്നിവരാണ്. ഇൗ കണ്ടെത്തൽ ക്രൈം ബ്രാഞ്ചും നടത്തിയിരുന്നു. ഈ ഇടപാടുകൾക്ക് രേഖകളുള്ളതിനാലാണ് ഇവർ പിടിക്കപ്പെട്ടത്. കരുവന്നൂർ ബാങ്കിൽ 2011-ൽ തുടങ്ങിയ തട്ടിപ്പ് 2020 വരെ പുറത്തുവരാതിരുന്നതിന്റെ പിന്നിൽ സഹകരണ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്.

കരുവന്നൂരിലെ തട്ടിപ്പ് പാർട്ടിയെ അറിയിച്ച പ്രവർത്തകനായ രാജീവിനെ 1998 ഡിസംബർ ആറിന് മാടായിക്കോണത്തെ ട്രാൻസ്‌ഫോർമറിന് സമീപം കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസ് പോലീസ് എഴുതിത്തള്ളി. അയ്യന്തോൾ ബാങ്കിൽ ജീവനക്കാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ശിവലാലിനെ 12 വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായതാണ്. ഇനിയും കണ്ടത്തിയിട്ടില്ല. ഇവയുടെ നിജസ്ഥിതി അറിയണമെങ്കിൽ സി.ബി.െഎ. അന്വേഷണം വേണ്ടിവരും.

കരുവന്നൂർ തട്ടിപ്പിൽ സി.ബി.െഎ. അന്വേഷണം ആവശ്യപ്പെട്ട് ആദ്യപരാതിക്കാരനായ എം.വി. സുരേഷ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണവിധേയമായ എല്ലാ ബാങ്കുകളിലേയും കൈക്കൂലി ഉൾപ്പടെയുള്ള അഴിമതികളും ദുരൂഹമരണവും കാണാതാകലും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.