കേരളത്തില്‍ ബി.ജെ.പിയെ എതിര്‍ക്കുന്നത് യുഡിഎഫ് മാത്രം; ദേവഗൗഡയുടെ പാര്‍ട്ടിയുടെ പ്രതിനിധിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാനുള്ള ആര്‍ജ്ജവം പോലും പിണറായിക്കില്ല; കെ.സി വേണുഗോപാല്‍

മലപ്പുറം: രാജ്യത്ത് ഇന്ത്യാ മുന്നണിയാണ് ബി.ജെ പിക്കെതിരേ പോരാടുന്നതെങ്കില്‍ കേരളത്തില്‍ ബി.ജെ.പിയെ എതിര്‍ക്കുന്നത് യു.ഡി.എഫ് മാത്രമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ആര്യാടന്‍ മുഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിന് ബി.ജെ.പി വിരുദ്ധയോ ഫാസിസ്റ്റ് വിരുദ്ധതയോ ഇല്ല. അതെല്ലാം പ്രസംഗിക്കാനും വോട്ട് നേടാനുള്ള തന്ത്രം മാത്രമാണ്. അല്ലായിരുന്നെങ്കില്‍ ബിജെപിയെ പിന്തുണക്കുന്ന,മോദിയുമായും അമിത്ഷായുമായും മുന്നണി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ദേവഗൗഡയുടെ പാര്‍ട്ടിയുടെ പ്രതിനിധിയെ ഇപ്പോഴും മന്ത്രിസഭയില്‍ ഇരുത്തുമായിരുന്നില്ല. ആ മന്ത്രിയോട് രാജിവെക്കണം അല്ലെങ്കില്‍ ആ പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്ന് നിലപാട് വ്യക്തമാക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം പോലും എന്തുകൊണ്ട് പിണറായി വിജയന്‍ കാണിക്കുന്നില്ലെന്നും കെ.സി വോണുഗോപാല്‍ ചോദിച്ചു. സി.പി.എം എന്തുകൊണ്ട് ഇതിനു മറുപടി പറയുന്നില്ല. എല്ലാ തിരഞ്ഞെടുപ്പുകളിലും ദേവഗൗഡയുടെ പാര്‍ട്ടി ബിജെപിക്ക് വോട്ട് ചെയ്യുന്നു. അവരാണ് എല്‍.ഡിഎഫ് മന്ത്രിസഭയില്‍ ഇപ്പോഴും തുടരുന്നത്.

കേരളത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പലരുമുണ്ടാകും എന്ന് വിചാരിച്ചെങ്കില്‍ അത് തീര്‍ത്തും തെറ്റാണ്. ഐക്യ ജനാധിപത്യ മുന്നണിക്ക് മാത്രമേ കേരളത്തിലും ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. ആര്യാടന്‍ മുഹമ്മദിന് കൊടുക്കാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ 20 സീറ്റും യുഡിഎഫിന് നല്‍കുക എന്നതാണ്.
അതോടൊപ്പം 2026ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം പിന്നോട്ടു പോയിട്ടുള്ള പത്തുവര്‍ഷങ്ങളെ മുന്നോട്ടു കൊണ്ടുവരാന്‍ യുഡിഎഫിന് വോട്ടു നല്‍കി യുഡിഎഫ് ഗവണ്‍മെന്റ് സാധ്യമാക്കുക എന്നതും കൂടിയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.


തമിഴ്‌നാട്ടിലെ കൊടുംചൂടിലും കര്‍ണാടകയിലെ കോരിച്ചൊരിയുന്ന മഴയും കാശ്മീരിലെ മൈനസ് ഡിഗ്രിക്കു താഴെയുള്ള അതിശൈത്യത്തിലും നിര്‍ത്തിവെക്കാതിരുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചത് ഒരിക്കല്‍ മാത്രമാണെന്നും അത് ആര്യാടന്‍ മുഹമ്മദ് മരണപ്പെട്ട ദിവസത്തിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. യാത്ര നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി നിലമ്പൂരില്‍ ആര്യാടന്റെ വീട്ടിലേക്ക് കുതിച്ചേത്തുകയായിരുന്നു. അതായിരുന്നു ആര്യാടന്‍ മുഹമ്മദിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കിയ ആദരവ് എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാപ്രവര്‍ത്തനങ്ങളില്‍ ഗുരുനാഥന്‍ ആര്യാടന്‍ മുഹമ്മദാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

മലപ്പുറം ഡി.സി.സിയുടെ ആര്യാടന്‍ അനുസ്മരണവും ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ മികച്ച പാര്‍ലെമെന്റേറിയനുള്ള ആര്യാടന്‍ പുരസ്‌ക്കാരദാനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ പ്രസംഗിക്കാനായി തയ്യാറാക്കിയ പോയിന്റുകള്‍ ആരും മറ്റുള്ളവര്‍ക്ക് പ്രസംഗിക്കാന്‍ നല്‍കാറില്ല. എന്നാല്‍ ആര്യാടന്‍ജി അതും നല്‍കിയിട്ടുണ്ട്. അറിവുകള്‍ പകര്‍ന്നു നല്‍കുന്നത്‌പോലെ ഭക്ഷണവും നല്‍കിയിരുന്ന നേതാവായിരുന്നു ആര്യാടന്‍. നിയമസഭാ ഹോസ്റ്റലില്‍ അടുത്തടുത്ത മുറികളില്‍ താമസിക്കുമ്പോള്‍ ആര്യാടന്റെ ഭക്ഷണ സല്‍ക്കാരവും ആവോളം ആസ്വദിച്ചിട്ടുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്കുള്ള രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചത് ആര്യാടന്‍ മരണപ്പെട്ടപ്പോള്‍ രാഹുല്‍ഗാന്ധിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ മാത്രമായിരുന്നു. അതില്‍ നിന്നു തന്നെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ആര്യാടന്‍ ആരായിരുന്നുവെന്ന് വ്യക്തമാകുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കെ.കരുണാകരനെതിരെ ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുമ്പോഴും നിയമസഭയില്‍ ബജറ്റ് ചര്‍ച്ച ആരംഭിക്കാന്‍ ലീഡര്‍ നിയോഗി്ച്ചിരുന്നത് ആര്യാടനെയായിരുന്നു. ആ വിശ്വാസം ആര്യാടന്‍ എന്നും കാത്തുസൂക്ഷിക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച പാര്‍ലമെന്റേറിയനുള്ള ആര്യാടന്‍ പുരസ്‌ക്കാരം കെ.സി വേണുഗോപാല്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന് നല്‍കി.

ആര്യാടന്‍ ഫൗണ്ടേഷന്റെ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സമര്‍പ്പിച്ചു

കെ.സിയെപ്പോലെ ആര്യാടന്‍ തന്നെയാണ് തന്റെയും നിയമസഭയിലെ ഗുരുനാഥനെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

മഹര്‍ഷിവര്യന്‍മാര്‍ മരണപ്പെടുന്നതിന് മുമ്പെ മന്ത്രിരഹസ്യങ്ങള്‍ പ്രിയപ്പെട്ട ശിഷ്യന് കൈമാറുന്നത് പോലെ സാമ്പത്തിക കാര്യങ്ങളിലെ ചില തന്ത്രങ്ങള്‍ ആര്യാടന്‍ജി തനിക്കാണ് കൈമാറിയത്. താന്‍ ആര്‍ക്കും ഇതുവരെ കൈമാറാത്ത രഹസ്യമാണിതെന്ന് പറഞ്ഞാണ് നല്‍കിയത്. കെ.സി വേണുഗോപാല്‍ പാര്‍ലമെന്റിലേക്ക് പോയതുകൊണ്ടാണ് തനിക്ക് ആ ഭാഗ്യം ലഭിച്ചതെന്നും ആര്യാടന് പ്രിയപ്പെട്ട ശിഷ്യന്‍ കെ.സിയായിരുന്നെന്നും സതീശന്‍ പറഞ്ഞു.
സാമ്പത്തിക കാര്യങ്ങളില്‍ അഗാധമായ പാണ്ഡിത്യമായിരുന്നു ആര്യാടന്. ബഡ്ജറ്റില്‍ കോണ്‍ഗ്രസില്‍ നിന്നും ആദ്യം പ്രസംഗിച്ചിരുന്നത് ആര്യാടനായിരുന്നു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ബഡ്ജറ്റ് ചര്‍ച്ചക്ക് തുടക്കമിട്ട് പ്രസംഗിക്കുക ആര്യാടനാണ്.
2014ല്‍ രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌ക്കാരം തനിക്ക് നല്‍കിയത് ആര്യാടനായിരുന്നു. 8 വര്‍ഷത്തിനും ശേഷം ആര്യാടന്‍ മരണപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് ആ പുരസ്‌ക്കാരം നല്‍കാനുള്ള ഭാഗ്യമുണ്ടായി. അന്ന് ആര്യാടനെക്കുറിച്ച് എന്റെ മനസില്‍ തോന്നിയകാര്യങ്ങളെല്ലാം ഞാന്‍ ഹൃദയംതുറന്ന് പ്രസംഗിച്ചു. മറുപടി പ്രസംഗത്തില്‍ ആര്യാടന്‍ പറഞ്ഞത് ഞാന്‍ മരണപ്പെട്ടാല്‍ പ്രതിപക്ഷനേതാവ് എന്നെക്കുറിച്ച് നടത്തുന്ന അനുശോചന പ്രസംഗം ജീവിച്ചിരിക്കുമ്പോള്‍ കേള്‍ക്കാനുള്ള ഭാഗ്യം തനിക്കുണ്ടായി എന്നായിരുന്നു.

തോല്‍പ്പിക്കാന്‍ വന്നവര്‍ ആര്യാടന് സിന്ദാബാദ് വിളിച്ചു: എം.എം.ഹസന്‍

തോല്‍പ്പിക്കാന്‍ വന്നവര്‍ തന്നെ ആര്യാടന്‍ മുഹമ്മദിന് സിന്ദാബാദ് വിളിച്ച അനുഭവമാണ് അനുസ്മരണ പ്രഭാഷണം നടത്തിയ യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞത്. 1980തില്‍ ആര്യാടനും താനുമൊക്കെ ഉള്‍പ്പെടുന്ന ആന്റണി വിഭാഗം കോണ്‍ഗ്രസ് ഇടതുപക്ഷത്തായിരുന്നു. അന്ന് നായനാര്‍ മന്ത്രിസഭയില്‍ ആര്യാടന്‍ മുഹമ്മദിനെ മന്ത്രിയാക്കി. എം.എല്‍.എയല്ലാതിരുന്ന ആര്യാടനെ മത്സരിപ്പിക്കാന്‍ നിലമ്പൂര്‍ എം.എല്‍.എയായിരുന്ന സി.ഹരിദാസ് രാജിവെച്ച് ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ സ്ഥാനാര്‍ത്ഥിയായി. അതുവരെ കുഞ്ഞാലിയുടെ കൊലയാളി ആര്യാടനെന്നായിരുന്നു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ വിളിച്ചിരുന്നത്. ആര്യാടന് വോട്ടുചെയ്യില്ലെന്ന് കുഞ്ഞാലിയുടെ നാട്ടുകാരായ ഒരു വിഭാഗം പാര്‍ട്ടിക്കാര്‍ പറഞ്ഞു. അന്ന് അവരുടെ യോഗത്തില്‍ എം.വി രാഘവന്‍ ഒരു മണിക്കൂര്‍ നേരം പ്രസംഗിച്ചു. കുഞ്ഞാലി വധത്തില്‍ ആര്യാടന് പങ്കില്ലെന്നായിരുന്നു അതിന്റെ കാതല്‍. ഇടതുപക്ഷമുന്നണിയുടെ സ്ഥാപക നേതാവ് സഖാവ് ആര്യാടനാണ് വോട്ടുചോദിക്കുന്നതെന്ന് എം.വിആര്‍ പറഞ്ഞപ്പോള്‍ ആര്യാടനെ തോല്‍പ്പിക്കുമെന്ന് പറഞ്ഞവര്‍ സിന്ദാബാദ് വിളിക്കുകയായിരുന്നെന്നും ഹസന്‍ പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് അധ്യക്ഷനായി. യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എം.എം ഹസന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.സി ജോസഫ്,എ.പി അനില്‍ കുമാര്‍ എം.എല്‍.എ,അബ്ദുറഹിമാന്‍ രണ്ടത്താണി, തുടങ്ങിയവര്‍ സംസാരിച്ചു.