‘അങ്ങനെ പറയാൻ പാടില്ലായിരുന്നു’: സിപിഐ യോഗത്തിൽ എം വി ഗോവിന്ദനെ വിമർശിച്ച് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പുതുപ്പള്ളി തെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തിലാകുമെന്ന് പറയാൻ പാടില്ലായിരിന്നുവെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. അരനൂറ്റാണ്ടായി യുഡിഎഫ് ജയിക്കുന്ന മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് പറയുന്നത് മണ്ടത്തരമാണെന്നായിരുന്നു കാനത്തിന്‍റെ വിമര്‍ശനം. സംസ്ഥാന കൗൺസിൽ യോഗത്തിലായിരുന്നു കാനത്തിന്റെ വിമർശനം. 

അതേസമയം യോഗത്തിൽ, കരുവന്നൂർ ബാങ്ക് തട്ടിപ്പ് ലോക്സഭ തെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കുന്ന തൃശ്ശൂർ സീറ്റിനെ ബാധിക്കുമെന്ന് സിപിഐ നേതാക്കൾക്കിടയിൽ ആശങ്ക പ്രകടിപ്പിച്ചു. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് വീഴ്‌ചയുണ്ടായെന്നും യോഗത്തില്‍ വിമർശനമുയർന്നു.

സംസ്ഥാന നേതൃത്വം തിരുത്തൽ ശക്തിയാകുന്നില്ലെന്നും മുൻകാലങ്ങളിൽ ഭരണം നോക്കാതെ പാർട്ടി മുന്നണിയിൽ തിരുത്തൽ ശക്തിയായെന്നും നേതാക്കൾ പറഞ്ഞു. പാർട്ടിയുടെ മുഖം നഷ്ടമായെന്നും വിമർശനം ഉയർന്നു. അതേസമയം, വിഭാഗീയ പ്രവർത്തനം നടന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പാലക്കാട് തൃത്താല മണ്ഡലം കമ്മിറ്റി പിരിച്ചുവിടാനും യോഗത്തില്‍ തീരുമാനമായി.