കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ഥിനിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു; വിവാഹ വാഗ്ദാനം നിരസിച്ചതാണ് കാരണം

കോഴിക്കോട് : വടകരയ്ക്ക് അടുത്ത് കല്ലാച്ചിയിൽ പതിനേഴുകാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. സ്വകാര്യ കോളജ് വിദ്യാർത്ഥിയെ ആണ് യുവാവ് ആക്രമിച്ചത്. ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം.

യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വാണിമേൽ നിടും പറമ്പ് സ്വദേശിയായ യുവാവിനെ ബലമായി കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു.

വാണിമേൽ പുതുക്കയം പെരുവംപറമ്പിൽ താമസിക്കുന്ന 17 കാരിയ്ക്കാണ് കുത്തേറ്റത്. പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയും യുവാവും നേരത്തെ പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ ചുമലിൽ യുവാവ് രണ്ടുതവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പുതുക്കയത്ത് താമസിക്കുന്ന അർഷാദ് എന്ന യുവാവാണ് പെൺകുട്ടിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവർ തമ്മിൽ പ്രണയത്തിലാവുകയും വിവാഹവും ഉറപ്പിച്ചിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറി. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കല്ലാച്ചിയിൽ പഴയ മാർക്കറ്റ് റോഡിലെത്തിയ പെൺകുട്ടിയുടെ പിന്നാലെയെത്തിയ അർഷാദ് പെൺകുട്ടിയെ അടിക്കുകയും പിന്നീട് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഇത് കണ്ട് മാർക്കറ്റിൽ കച്ചവടം ചെയ്യുന്നവർ ഓടിക്കൂടി പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു. നാദാപുരം പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്.