കേരളത്തിന്റെ പ്രളയകഥ പറഞ്ഞ ‘2018’ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ പട്ടികയില്‍

ന്യൂഡൽഹി: മലയാളത്തിന് അഭിമാന നേട്ടമായി ജൂഡിന്റെ ചിത്രം 2018 ഓസ്‍കറിലേക്ക്. കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ മലയാള സിനിമ 2018 അടുത്ത വർഷത്തെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷൻ പട്ടികയിൽ. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അണി നിരന്ന സിനിമ തിയേറ്ററിലും വലിയ വിജയം നേടിയിരുന്നു.

എഡിറ്റർ ശ്രീകർ പ്രസാദ്, സംവിധായകൻ ജോഷി ജോസഫ്, സ്റ്റണ്ട് ഡയറക്ടർ എസ് വിജയൻ, നിർമാതാവ് മുകേഷ് മെഹ്ത, ആസാമീസ് സംവിധായകൻ മഞ്ജു ബോറ, കോസ്റ്റ്യൂം ഡിസൈനര്‍ വാസുകി ഭാസ്കർ, എഴുത്തുകാരും സംവിധായകരുമായ ആർ മധേഷ്, എം വി രഘു, രാഹുൽ ഭോലെ, സിനിമാ ചരിത്രകാരൻ ആശോക് റാണെ എന്നിവരടങ്ങിയ 16 അംഗ ജൂറിയാണ് ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷനുകളുടെ പട്ടികയിലേക്ക് ചിത്രത്തെ തെരഞ്ഞെടുത്തത്. 22 സിനിമകളാണ് കമ്മിറ്റി കണ്ടത്.