ക്യാമ്പസ് രാഷ്ട്രീയവും മാറുന്നു; സംസ്ഥാനത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് മികച്ച തുടക്കം

കോട്ടയം: ഇത് മാറ്റത്തിന്റേയും തിരിച്ചുവരവിന്റേയും തുടക്കം മാത്രം! സംസ്ഥാനത്തെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു വിന് വിജയത്തുടക്കം. ആദ്യമായി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടന്ന ചെങ്ങനാശ്ശേരി എസ്.ബി കോളേജിൽ കെ.എസ്.യു 14 സീറ്റുകളിലും ഉജ്ജ്വല വിജയം നേടി. കഴിഞ്ഞ വർഷം എസ് എഫ് ഐ ഭരിച്ച കോളേജ് യൂണിയനാണ് മുഴുവൻ സീറ്റും തിരിച്ചു പിടിച്ചത്. അലൻ ജോസഫ് (ചെയർമാൻ) ,അനീറ്റ ജനു (വൈസ് ചെയർപേഴ്സൺ) അലൻ ജിജി ജോസഫ് (ജന: സെക്രട്ടറി) മിലൻ ജോസഫ് ജോബ് (ആർട്സ് ക്ലബ് സെക്രട്ടറി), ഗോഡ്വിൻ ജോർജ് ജെയിൻ (മാഗസിൻ എഡിറ്റർ), നവീൻ ജിമ്മി, ആരോൺ വർഗ്ഗീസ് ജേക്കബ് (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ ) ഉൾപ്പെടുന്ന പാനലാണ് ആധികാരിക വിജയം നേടിയത്.

കേരളത്തിലെ ക്യാമ്പസ്സുകളിൽ മാറ്റത്തിന്റെ തുടക്കമാണിതെന്നും സർക്കാരിന്റെയും സർക്കാരിനോട് അടിമപ്പെട്ട എസ് എഫ് ഐ യുടെയും വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കുള്ള താക്കീതാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ പറഞ്ഞു.

എംജി സർവ്വകലാശാല സ്റ്റുഡന്റസ് യൂണിയൻ തെരഞ്ഞെടുപ്പിലും കെ എസ് യുവിന് വിജയം

എംജി സർവ്വകലാശാല സ്റ്റുഡന്റസ് യൂണിയൻ തെരഞ്ഞെടുപ്പിലും കെ എസ് യുവിന് മിന്നും വിജയം. രണ്ട് എക്സിക്യൂട്ടീവ് അംഗങ്ങൾ കെ എസ് യു പാനലിൽ വിജയിച്ചു.കാലടി ശ്രീശങ്കര കോളേജിലെ എബിൻ ജോസഫും അടിമാലി എം.ബി കോളേജിലെ അനന്തു ഷിൻ്റോയുമാണ് വിജയിച്ചത്.

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭാസ മേഖലയെ തച്ചുതകർക്കുന്ന സമീപനങ്ങൾക്കുമെതിരെയുള്ള മറുപടി ക്യാമ്പസുകളും യൂണിവേഴ്സിറ്റി യൂണിയനും നൽകും എന്നതിൻ്റെ ഉദാഹരണമാണ് ചെങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിലും ഉയർന്നതെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വരാനിരിക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ക്യാമ്പസുകളിൽ കെ.എസ്.യു മുന്നേറ്റം ഉണ്ടാവുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.