പാലക്കാട് യുവാക്കളെ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി; മരണം ഷോക്കേറ്റാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

പാലക്കാട്: കരിങ്കരപ്പുള്ളിയിൽ യുവാക്കളെ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. പ്രതി അനന്തകുമാറിനെ വീട്ടിലും, വയലിലും, തെളിവുകൾ വലിച്ചെറിഞ്ഞ കനാലിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിൽ വൈദ്യുതി കെണിക്ക് ഉപയോഗിച്ച വയറും കമ്പിയും യുവാക്കളുടെ വയർ കീറിയ കത്തിയും കണ്ടെടുത്തു.

ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെയാണ് പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ആദ്യം മലമ്പുഴ കനാലിലായിരുന്നു തെളിവെടുപ്പ്. യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട ശേഷം വൈദ്യുതി കമ്പിയും വയറും രക്ത കറ പുരണ്ട വസ്ത്രങ്ങളും കനാലിലായിരുന്നു വയലുടമയായ അനന്തകുമാർ ഉപേക്ഷിച്ചത്. കനാലിൽ നിന്നും ഇവയെല്ലാം പോലീസ് കണ്ടെടുത്തു. തുടർന്ന് പ്രതിയെ കരിങ്കരപ്പുള്ളിയിലെ വീട്ടിലെത്തിച്ചു. വീട്ടിൽ നിന്നും വെള്ളം കൊണ്ട് പോവുന്ന ഹോസിലൂടെ വൈദ്യുതി വയലിലേക്ക് വലിച്ചത് ഉൾപ്പെടെ പ്രതി പോലീസിന് കാണിച്ചു കൊടുത്തു. യാതൊരു കൂസലും ഇല്ലാതെയായിരുന്നു അനന്തകുമാർ പോലീസിനോട് കാര്യങ്ങൾ വിവരിച്ചത്.

അവസാനമായാണ് പ്രതിയെ വയലിൽ എത്തിച്ചത്. യുവാക്കൾ ഷോക്കേറ്റ് കിടക്കുന്നത് കണ്ടപ്പോൾ പരിഭ്രമത്തിലായ അനന്തകുമാർ 70 സെ.മി താഴ്ചയിൽ കുഴി കുത്തി ഒന്നിന് മുകളിൽ ഒന്നായിട്ടായിരുന്നു മൃതദേഹങ്ങൾ കുഴിച്ചിട്ടത്. മൃതദേഹങ്ങൾ പൊങ്ങിവരാതിരിക്കാൻ വയർ കീറിയതായും പോലീസിനോട് പ്രതി പറഞ്ഞു. വയൽ വരമ്പത്തുള്ള ഒരു പഴയ ഫ്രിഡ്ജിൽ നിന്നും യുവാക്കളുടെ വയർ കീറാൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെത്തിയിച്ചുണ്ട്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വൈദ്യുതാഘാതമേറ്റുള്ള മരണം എന്നാണ് വ്യക്തമാക്കുന്നത്. ശരീരത്തിൽ മരണകാരണമായ മറ്റ് മുറിവുകളില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. ഷിജിത്ത്,സതീഷ് എന്നീ യുവാക്കളുടേതാണ് പാടത്ത് കണ്ടെത്തിയ മൃതദേഹമെന്ന് ഇന്ന് രാവിലെയാണ് പോലീസ് സ്ഥിരീകരിച്ചത്. സ്ഥലമുടമ അനന്തകുമാർ കാട്ടു പന്നിയെ കുടുക്കാൻ വെച്ച കെണിയിൽ യുവാക്കൾ കുടുങ്ങുകയായിരുന്നു. തെളിവ് നശിപ്പിക്കാൻ ഇയാള്‍ വയർ കീറിയാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്‌. പന്നിക്ക് കെണി വയ്ക്കാൻ വീട്ടിലെ മോട്ടോർ ഷെഡിൽ നിന്നാണ് അനന്തൻ വൈദ്യുതി എടുത്തത്. ഏകദേശം 200 മീറ്റർ വൈദ്യുതി കമ്പി വലിച്ച് കെണിവച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
ഞായറാഴ്ച രാത്രി കൊട്ടേകാട് ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് 4 പേരും കരിങ്കരപ്പുള്ളിയിൽ സതീഷിന്റെ ബന്ധുവീട്ടിലാണു താമസിച്ചിരുന്നത്.

തിങ്കളാഴ്ച പുലർച്ചെയോടെ പൊലീസ് സംഘം ഇവിടെയെത്തിയെന്നു ഭയന്ന് അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കും ഓടി. അഭിനും അജിത്തും കൊട്ടേക്കാട് എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ ഇരുവരും കസബ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പരിസരത്തു തിരിച്ചിൽ നടത്തി. തിരച്ചിലിൽ പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തി. സംശയം തോന്നി മണ്ണു നീക്കിയപ്പോൾ ഒരാളുടെ കാൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്ഥലം ഉടമയായ അനന്ത കുമാറിനെ പോലീസ് ചോദ്യം ചെയ്തു.
കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണു ഇരുവരും മരിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇയാൾ സമ്മതിച്ചു. സ്വന്തം കുടുംബാംഗങ്ങളോട് പോലും ഒന്നും പറഞ്ഞിരുന്നില്ല. മാത്രമല്ല കാണാതായ സതീഷിനും, ഷിജിത്തിനുമായി നാട്ടുകാരും ബന്ധുക്കളുമെല്ലാം വയലിൽ തിരച്ചിൽ നടത്തുമ്പോഴും അനന്തൻ സ്വന്തം വീട്ടിൽ യാതൊന്നും അറിയാത്ത സംഭവിക്കാത്ത രീതിയിൽ ഇരിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് ഇന്നലെ വൈകീട്ടോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റ സമ്മതം നടത്തിയത്.