വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണം; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍

കണ്ണൂർ: വന്ദേ ഭാരതിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. തലശ്ശേരിയിലെ കോടിയേരിയിൽ സ്ഥിതിചെയ്യുന്ന മലബാർ കാൻസർ സെന്ററിലേക്ക് രോഗികൾക്ക് എത്തിപ്പെടാനുള്ള സൗകര്യാർഥം വന്ദേ ഭാരതിന് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് സ്പീക്കർ ആവശ്യപ്പെട്ടത്. കാസർകോട്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കൻ ജില്ലകളിലെയും തമിഴ്നാട്, കർണാടക, മാഹി തുടങ്ങിയ അയൽനാടുകളിലേയും രോഗികൾക്കുള്ള ആശ്രയകേന്ദ്രമാണ് മലബാർ കാൻസർ സെന്റർ.

ഒരു ലക്ഷത്തോളം രോഗികൾ പ്രതിവർഷം ഇവിടെ എത്തുന്നുണ്ട്. 7000 മുതൽ 8000 രോഗികൾ ഓരോ വർഷവും പുതുതായി രജിസ്റ്റർ ചെയ്യുന്നുമുണ്ട്. തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നും കത്തിൽ സ്പീക്കർ ചൂണ്ടിക്കാണിച്ചു.