വന്ദേഭാരത്: തിരൂരിൽനിന്ന് ഒരാഴ്ചത്തേക്ക് തിരുവനന്തപുരം, കാസർകോട് ടിക്കറ്റ് കിട്ടാനില്ല!

മലപ്പുറം: രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സാധാരണ ഓട്ടം ഇന്നലെ (ചൊവ്വ) തുടങ്ങി. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കുള്ള ഇന്നലത്തെ സർവീസിൽ തിരൂരിൽ വന്നിറങ്ങിയത് 44 പേരാണ്. തിരുവനന്തപുരം, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരായിരുന്നു ഇവർ. തിരുവനന്തപുരത്ത് നിന്നായിരുന്നു കൂടുതൽപേർ. ആദ്യ ദിനം ചെയർകാറിലും എക്സിക്യൂട്ടീവ് ക്ലാസിലുമായി 161.51% ഒക്യുപൻസിയാണ് വന്ദേഭാരതിലുണ്ടായിരുന്നത്. 856 പേർ ടിക്കറ്റ് ബുക്ക് ചെയ്തു. ഇതിൽ 530 പേർ യാത്ര ചെയ്തു.

തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നത്. തിരുവനന്തപുരം വന്ദേഭാരതിൽ (20631) ഒക്ടോബർ 2 വരെ തിരൂരിൽനിന്ന് തിരുവനന്തപുരത്തേക്കു ടിക്കറ്റ് വെയ്റ്റ് ലിസ്റ്റാണ്. തിരിച്ചുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിൽ (20632) ഒക്ടോബർ ഒന്നു വരെ തിരുവന്തപുരത്തുനിന്ന് തിരൂരിലേക്കും ഇതാണ് അവസ്ഥ. തിരൂരിൽനിന്ന് കാസർകോട്ടേക്കും ടിക്കറ്റ് കിട്ടാനില്ല. തിരൂരിൽ സ്റ്റോപ് അനുവദിച്ചത് റെയിൽവേക്ക് നഷ്ടമാകില്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.