വീണാ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം; നിയമനത്തിന് പണം വാങ്ങിയെന്ന് ആരോപണം; സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ സെക്രട്ടറി ഇടനിലക്കാരൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ബന്ധുവും – പേഴ്സണൽ സ്റ്റാഫുമായ അഖില്‍ മാത്യുവിനെതിരെയാണ് കൈക്കൂലി ആരോപണം. നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതി. മന്ത്രിയുടെ പി എ അഖില്‍ മാത്യുവിനെതിരെയാണ് മലപ്പുറം സ്വദേശി ഹരിദാസ് മാസ്റ്റർ പരാതി നൽകിയിരിക്കുന്നത്.

ഹരിദാസൻ മാസ്റ്റർ : പരാതിക്കാരൻ

പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവായിരുന്നു ഇടനിലക്കാരനെന്നും പരാതിക്കാരന്‍ പറഞ്ഞു. ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ആയി നിയമനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. 15 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.

പരാതി
പരാതി

താല്‍ക്കാലിക നിയമനത്തിന് 5 ലക്ഷം രൂപയും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും ചേര്‍ത്താണ് 15 ലക്ഷം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി. തുക ഗഡുക്കള്‍ ആയി നല്‍കാനായിരുന്നു നിര്‍ദേശം. അഖില്‍ മാത്യു ഒരു ലക്ഷം രൂപയും അഖില്‍ സജീവ് 75000 രൂപയും കൈപ്പറ്റി. അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയത് തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ച്. അഖില്‍ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നല്‍കി.

നിയമനത്തിന് വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ അഖില്‍ സജീവ് നിയമനം ഉറപ്പ് നല്‍കി സമീപിക്കുകയായിരുന്നു. സമീപിച്ചത് അഭിമുഖത്തില്‍ പങ്കെടുത്തത് കൊണ്ടോ പരീക്ഷ എഴുതിയത് കൊണ്ടോ നിയമനം ലഭിക്കില്ലെന്ന് പറഞ്ഞാണ്. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു.

എന്നാൽ പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കത്ത് DGP ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.