നാളെ കർണാടക ബന്ദ്: നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്, ഹോട്ടലുകളും ടാക്സികളും ലഭ്യമായേക്കില്ല

ബെംഗളൂരു: വ്യാഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്ച അർദ്ധരാത്രി വരെ ബെംഗളൂരുവില്‍ നിരോധനാജ്ഞ (സെക്ഷൻ 144) പ്രഖ്യാപിച്ച് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷ്ണർ. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ കർണാടക ബന്ദ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. മുന്‍കൂർ അനുമതി വാങ്ങിക്കാതെയുള്ള ഏതൊരു പ്രതിഷേധത്തേയും ശക്തമായി നേരിടുമെന്നും പൊലീസ് മേധാവി പറഞ്ഞു.

ബന്ദുമായി ബന്ധപ്പെട്ട് ഒരു സംഘടനയും പോലീസ് വകുപ്പിനെ സമീപിച്ചിട്ടില്ലെന്നും ബന്ദിന് അനുമതി വാങ്ങിയിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ചത്തെ ബന്ദിൽ നിയമം കയ്യിലെടുക്കുന്നവർക്ക് നിയമ നടപടികള്‍ നേരിടേണ്ടി വരും. ബലമായി കടകള്‍ അടപ്പിക്കാനോ യാത്രാ തടസ്സം സൃഷ്ടിക്കാനോ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

144 പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകളുടെ ഒത്തുചേരൽ അനുവദിക്കില്ല. എന്നിരുന്നാലും, പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ഫ്രീഡം പാർക്കിൽ ചെയ്യാനാകും.. അയൽ സംസ്ഥാനമായ തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ചാണ് സെപ്റ്റംബർ 29ന് ചില സംഘടനകള്‍ സംസ്ഥാന വ്യാപക ബന്ദിന് ആഹ്വാനം ചെയ്തത്.