ജോ ബൈഡന്‍റെ വീട്ടിലെ ‘കമാൻഡര്‍’ക്ക് പോലീസിനോട് കലിപ്പ്? ആക്രമിച്ചത് 11 തവണ!

International Desk : അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ വീട്ടിലെ ‘കമാൻഡറി’നെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് യുഎസ് രഹസ്യ പോലീസിലെ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം ഒരു രഹസ്യ പോലീസ് ഉദ്യോഗസ്ഥൻ കൂടി കമാൻഡര്‍റുടെ പല്ലിന്‍റെ ശൗര്യം അറിഞ്ഞതോടെ തങ്ങളോട് എന്താണിത്ര കലിപ്പ് എന്ന് ചിന്തിക്കുകയാണ് യുഎസ് സീക്രട്ട് സര്‍വീസിലെ ഉദ്യോഗസ്ഥര്‍. പ്രസിഡണ്ടിന്‍റെ വീട്ടിലെ ഏറ്റവും ചെറിയ വളര്‍ത്തു നായയാണ് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട കമാൻഡര്‍.

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് ഒരു രഹസ്യ പോലീസ് ഉദ്യോഗസ്ഥനെ കമാൻഡര്‍ കടിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് യുഎസ്എസ്എസ് ചീഫ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്‍റണി ഗുഗ്ലിയല്‍മി സിഎന്‍എന്നിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

വൈറ്റ് ഹൗസിലെ രഹസ്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് കമാൻഡറുടെ കടിയേല്‍ക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്നതാണ് വിവരം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 11-ാം തവണയാണ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടുവയസ്സള്ള വളര്‍ത്തു നായയുടെ കടിയേറ്റത്. തങ്ങളോടുള്ള നായയുടെ ഈ ‘ശത്രുത’യെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരാതിപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവരാവകാശ സംഘടനയായ ജുഡീഷ്യല്‍ വാച്ചാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ജൂലായ് മാസത്തില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന റിപ്പോര്‍ട്ടില്‍ കമാൻഡര്‍ 2011ല്‍ വൈറ്റ് ഹൗസില്‍ എത്തിയതിന് ശേഷം 10 തവണ രഹസ്യ സേവന വിഭാഗം ഉദ്യോഗസ്ഥരെ അക്രമിച്ചതായും ഇതേക്കുറിച്ചുള്ള പരാതി അവര്‍ ഇമെയില്‍ വഴി വൈറ്റ് ഹൗസിനെ അറിയിച്ചിരുന്നതായും പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഒരു ഉദ്യോഗസ്ഥന്‍റെ കൈയിലും തുടയിലും കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതായിരുന്നു പ്രധാന സംഭവം.

മുന്‍ പ്രസിഡന്‍റുമാരുടെ കാലത്തും വൈറ്റ് ഹൗസില്‍ വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും ഈ രീതിയില്‍ ഉദ്യോഗസ്ഥരെ അക്രമിച്ചിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അപവാദമായി ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തങ്ങള്‍ക്കെതിരായ കമാൻഡറിന്‍റെ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏത് നിമിഷവും മറ്റൊരാള്‍ക്ക് കടിയേല്‍ക്കാമെന്ന സ്ഥിതിയാണെന്നും ഗുഗ്ലിയല്‍മി സിഎന്നിനോട് പറഞ്ഞു. ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഗൗരവത്തോടെയാണ് തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

2021 ഡിസംബറിലാണ് കമാൻഡറെ ബൈഡന്‍ കുടുംബം വൈറ്റ് ഹൗസിലേക്ക് കൊണ്ടുവന്നത്. 2021 ജൂണില്‍ ബൈഡന്‍റെ മുന്‍ ജര്‍മ്മന്‍ ഷെപ്പേര്‍ഡായ ചാമ്പ് മരണപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. അന്ന് ടെന്നീസ് ബോളും കടിച്ചുപിടിച്ച് ഓടുന്ന നായക്കുട്ടിയുടെ ഫോട്ടോയ്ക്കൊപ്പം ‘കമാൻഡര്‍ക്ക് വൈറ്റ് ഹൗസിലേക്ക് സ്വാഗതം’ എന്ന് പ്രസിഡന്‍റ് ബൈഡന്‍ ട്വീറ്റ് ചെയ്തിരുന്നു. ബൈഡന്‍ പ്രസിഡന്‍റായതിനു ശേഷം വൈറ്റ് ഹൗസിലെത്തുന്ന മൂന്നാമത്തെ വളര്‍ത്തു നായയാണ് കമാൻഡര്‍. നേരത്തേ ചാമ്പിനു മുമ്പ് 2 വയസ്സുള്ള മേജര്‍ ഇവിടെ ഉണ്ടായിരുന്നു. 2018-ല്‍ ഡെലവെയര്‍ ഹ്യൂമന്‍ അസോസിയേഷനില്‍ നിന്നാണ് ബൈഡന്‍ കുടുംബം ദത്തെടുത്തതായിരുന്നു മേജറിനെ. എന്നാല്‍ വൈറ്റ് ഹൗസിലെത്തിയ ശേഷം മേജര്‍ കൂടുതല്‍ അക്രമാസക്തനായി. കുറച്ചുകാലം ഇവിടെ താമസിപ്പിച്ച ശേഷം മേജറെ ഇവിടെ നിന്ന് സ്ഥലം മാറ്റുകയായിരുന്നു. ഇപ്പോള്‍ ബൈഡന്‍റെ കുടുംബ സുഹൃത്തിനൊപ്പമാണ് മേജറിന്‍റെ പൊറുതി. ഏതായാലും കമാൻഡറുടെ കാര്യത്തിലും ഇതുപോലെ എന്തെങ്കിലും തീരുമാനം ഉണ്ടാവുമോ എന്നാണ് രഹസ്യ വിഭാഗം ഉദ്യോഗസ്ഥര്‍ രഹസ്യമായി ചോദിക്കുന്നത്.