നിയമനക്കോഴ വിവാദം; മന്ത്രിയുടെ ഓഫീസിന്റെ നടപടി സംശയത്തിൽ; ‘ആയുഷ്’ രേഖ വ്യാജം; പരാതിയിൽ ഉറച്ച് ഹരിദാസൻ

തിരുവനന്തപുരം: മെഡിക്കൽ ഓഫീസർ നിയമനത്തിലെ കോഴ വിവാദത്തിൽ പരാതി കിട്ടിയിട്ടും പൊലീസിന് കൈമാറാൻ വൈകിപ്പിച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിൻ്റെ നടപടി സംശയത്തിൽ. പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസൻ്റെ സുഹൃത്ത് ബാസിത് ഓഗസ്റ്റ് 17ന് മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി പറയുന്ന ദൃശ്യം പുറത്തുവന്നു. ഓഗസ്റ്റ് 17 ന് സംഭവം അറിഞ്ഞിട്ടും മന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസിന് പരാതി നൽകുന്നത് ഈ മാസം 23ന് മാത്രമാണ്. അതേസമയം, ഹരിദാസന്‍റെ പരാതി ഇതുവരെ പൊലീസിന് കൈമാറിയിട്ടുമില്ല.

സെപ്റ്റംബർ 13 ന് പരാതി ലഭിച്ചുവെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ വിശദീകരിച്ചത്. പക്ഷെ സെപ്റ്റംബർ 13 ന് ഹരിദാസൻ പരാതി അയക്കുന്നതിന് മുമ്പ് ഓഗസ്റ്റ് 17 ന് തന്നെ മന്ത്രിയുടെ ഓഫീസിൽ കോഴക്കാര്യം അറിഞ്ഞിരുന്നു. ഹരിദാസന്‍റെ സുഹൃത്തും എഐഎസ്എഫ് നേതാവുമായ ബാസിതാണ് നേരിട്ട് ഓഫീസിലെത്തി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് സംസാരിക്കുന്നത്. പക്ഷെ ഈ പരാതിയിൽ മന്ത്രിയുടെ ഓഫീസ് ഉടൻ ഒന്നും ചെയ്തില്ല. സെപ്റ്റംബർ 13നാണ് ഹരിദാസൻ പിന്നെ മന്ത്രിക്ക് പരാതി അയക്കുന്നത്. ഈ പരാതിയാകട്ടെ നേരിട്ട് ഇതുവരെ പൊലീസിന് കൈമാറിയിട്ടുമില്ല.

അഖിൽ ജോർജ്

ഹരിദാസൻ്റെ പരാതിയിൽ പണം വാങ്ങിയെന്ന് പറയുന്ന പേഴ്സൽ സ്റ്റാഫ് അഖിൽ മാത്യു ഈ മാസം 23 നാണ് പൊലീസിന് പരാതി നൽകുന്നത്. ആ പരാതിയിൽ മാത്രമാണിപ്പോൾ കൻ്റോൺമെൻ്റ് പൊലീസിൻ്റെ അന്വേഷണം. ഈ പരാതിയില്‍ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. ഹരിദാസന്‍റെ പരാതി അതേ പടി വിശ്വസിക്കാൻ കഴിയാത്തത് കൊണ്ടാണ് പൊലീസിന് കൈമാറാത്തതെന്നാണ് മന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം. ഇതിനിടയിൽ പണം വാങ്ങിയില്ലെന്ന് അഖിൽ മാത്യു നൽകിയ വിശദീകരണം മന്ത്രി പൂർണ്ണമായും വിശ്വാസത്തിലെടുക്കുകയും ചെയ്യുന്നു.

അഖിൽ മാത്യു

ആയുഷ് വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നൽകാമെന്നുപറഞ്ഞ് കോഴ വാങ്ങിയവർ വ്യാജരേഖ ചമച്ചത് ആയുഷ് മിഷന്റെ പേരിൽ. താത്കാലിക നിയമന ഉത്തരവ് എന്നപേരിൽ വ്യാജരേഖയാണ് ഡോ. നിത രാജിന്റെ പേരിൽ അയച്ചത്. എന്നാൽ, ഇങ്ങനെ ഒരു രേഖ തങ്ങളുടെ ഓഫീസിൽനിന്ന് അയച്ചിട്ടില്ലെന്നാണ് ആയുഷ് മിഷൻ വ്യക്തമാക്കുന്നത്. തൊഴിൽ തട്ടിപ്പിന് പിന്നിൽ മന്ത്രിയുടെ ഓഫീസ് കേദ്രീകരിച്ച് വൻ സംഘം പ്രവർത്തിക്കുന്നു എന്ന ആരോപണം ശക്തമാണ്. ആരോപണം ഉന്നയിച്ച ഹരിദാസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും.

ഹരിദാസൻ

ആയുഷ് വകുപ്പിൽ ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലെ നിയമനത്തിന് ഹരിദാസിന്‍റെ മരുമകള്‍ക്ക് കൈമാറിയ നിയമന ഉത്തരവ് വ്യാജമായി ഉണ്ടാക്കിയതെന്നാണ് പൊലീസ് നിഗമനം. കത്തിലെ ലോഗോയും വാചകങ്ങളും ആയുഷ് കേരളം അയക്കുന്നതിന് സമാനമല്ല. ആയതിനാല്‍ ഇതിന്‍റെ നിജസ്ഥിതി അറിയാന്‍ ആരോഗ്യ കേരളത്തിന്‍റെ ഓഫിസിലും പരിശോധന നടത്തും. ഉടൻ നിയമന ഉത്തരവ് ലഭിക്കുമെന്ന ആയുഷ് വകുപ്പിന്റെ ഇ മെയിൽ ഹരിദാസൻ പുറത്തുവിട്ടു. ഇത് വ്യാജമെന്നാണ് ആയുഷ് വകുപ്പൻ്റെ വിശദീകരണം.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെയും സർക്കാറിനെയും വെട്ടിലാക്കുന്നതാണ് നിയമനക്കോഴ വിവാദം. തൊഴിൽ തട്ടിപ്പിന് പിന്നിൽ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വൻ സംഘം പ്രവർത്തിക്കുന്നതായി ഹരിദാസ് സംശയിക്കുന്നു. ഇത് തെളിയിക്കുന്നകാര്യങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

അതിനിടെ, വീണ ജോര്‍ജിന്‍റെ ഓഫീസിലെ നിയമനത്തട്ടിപ്പ് കേസില്‍ ആരോപണം ഉന്നയിച്ച ഹരിദാസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും. മലപ്പുറം സ്വദേശിയായ ഹരിദാസിനോട് രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കി മൊഴി നല്‍കാന്‍ കന്‍റോണ്‍മെന്‍റ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ പി എ അഖില്‍ മാത്യുവിന്‍റെ പരാതിയിലാണ് കേസ്.
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണത്തിൽ മന്ത്രി വീണാ ജോർജ് പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരൻ മലപ്പുറം സ്വദേശി ഹരിദാസ്. ഒരു മാസം മുൻപാണ് പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനെതിരെ ഓൺലൈനായും റിട്ടണായും ഹരിദാസ് പരാതി കൊടുക്കുന്നത്. പിന്നാലെ മന്ത്രിക്ക് നേരിട്ടും പരാതി നൽകിയിരുന്നു. തനിക്ക് പലതും തുറന്ന് പറയേണ്ടി വരുമെന്നും ഹരിദാസ് വ്യക്തമാക്കി.

ഓൺലൈനായും റിട്ടണായും പരാതി നൽകിയിട്ടും മന്ത്രി വീണാ ജോർജ് തന്റെ
പേഴ്സണൽ സ്റ്റാഫ് അഖിൽ tമാത്യുവിനെ മന്ത്രി സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരൻ ഹരിദാസ് പറഞ്ഞു. മന്ത്രിക്കും പരാതി നൽകി.

ഹരിദാസൻ മന്ത്രിക്ക് നൽകിയ പരാതി

വിഷയത്തിൽ മന്ത്രിയുടെ ഓഫീസിന് അന്വേഷണം നടത്തി അവസാനപ്പിക്കാമായിരുന്നു. താൻ ഒരു പരാതി നൽകിയതിന്റെ പേരിൽ തന്നെ പ്രതിയാക്കാൻ ശ്രമിച്ചാൽ നേരിടും. ഒരു മാർഗവും ഇല്ലെങ്കിൽ തനിക്ക് പലതും തുറന്ന് പറയേണ്ടി വരുമെന്നും ഹരിദാസ് വ്യക്തമാക്കി. പത്തനംതിട്ടയിലെ സി.പി.എം. പ്രവർത്തകനും സി.ഐ.ടി.യു. ഓഫീസ് സെക്രട്ടറിയുമായ അഖിൽ സജീവ് മാർച്ച് 10-ന് മലപ്പുറത്ത് എത്തിയാണ് ഹരിദാസനെ കണ്ട് ജോലി കിട്ടണമെങ്കിൽ അഞ്ചുലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടത്. മാർച്ച് 24-ന് ഗൂഗിൾ പേ വഴി 25,000 രൂപ നൽകി. മന്ത്രിയുടെ ബന്ധു അഖിൽ മാത്യുവിനെ ഏപ്രിൽ 10ന് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിന് തൊട്ടടുത്ത് വച്ച് 1 ലക്ഷം രൂപ കൈമാറി.

രണ്ടുദിവസം കഴിഞ്ഞപ്പോൾ കേരള ആയുഷ് മിഷന്റെ പേരിൽ മരുമകൾ നിതി രാജിന് ഇ-മെയിൽ വന്നു. ഏപ്രിൽ 25-നുശേഷം നിയമന ഉത്തരവ് അയയ്ക്കുമെന്നായിരുന്നു അറിയിപ്പ്. അതിനുശേഷം അഖിൽ സജീവ് നേരിൽക്കണ്ട് 50,000 രൂപകൂടി വാങ്ങി.

നിയമന ഉത്തരവ് ലഭിക്കാതായതോടെ ആയുഷ് മിഷന്റെ വണ്ടൂർ ഓഫീസിൽ തിരക്കിയപ്പോൾ നാൽപ്പതോളം പേരുടെ നിയമനം നടന്നുകഴിഞ്ഞതായും മരുമകൾ അതിൽ ഉൾപ്പെട്ടിട്ടില്ലെന്നും വ്യക്തമായി. ഇക്കാര്യം അഖിൽ സജീവിനെ അറിയിച്ചപ്പോൾ ഇനിയും നിയമനം നടക്കാനുണ്ടെന്നായിരുന്നു മറുപടി. അഖിൽ മാത്യുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് മന്ത്രിക്ക് പരാതി നൽകിയത്. എന്തായാലും നിയമന കോഴക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഹരിദാസന്റെ തീരുമാനം.