ഗർഭിണിക്ക് രക്തം മാറി നൽകി; O-veന് പകരം B+ve രക്തം നൽകി; യുവതി തൃശ്ശൂർ മെഡിക്കൽ കോളജിൽ; ഡിഎംഒ റിപ്പോർട്ട് തേടി

തൃശ്ശൂർ: ഗർഭിണിക്ക് രക്തം മാറി നൽകിയാതായി പരാതി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി 26 കാരി റുഖ്‌സാനക്കാണ് രക്തം മാറി നൽകിയത്. പൊന്നാനി മാതൃ ശിശു ആശുപത്രിയിലാണ് സംഭവം. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസറ്റീവ് രക്തമാണ് യുവതിക്ക് നൽകിയത്. ഗർഭിണിയായ യുവതി തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ മലപ്പുറം ഡിഎംഒ റിപ്പോർട്ട് തേടി.

സംഭവത്തിൽ യു ഡി.എഫ് കൗൺസിലർമാർ ആശുപത്രി സൂപ്രണ്ടിന്റെ മുറിയിൽ കുത്തിയിരിപ്പ് സമരം നടത്തി. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 15 ml രക്തം ആണ് മാറി കയറ്റിയത്. കഴിഞ്ഞ 25 ാം തീയ്യതിയാണ് യുവതിയെ രക്ത കുറവ് കാരണം അഡ്മിറ്റ് ചെയ്തത്.

ഗുരുതരമായ കൃത്യവിലോപം നടത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെയും രണ്ട് നഴ്സിംങ്ങ് ജീവനക്കാർക്കെതിരെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാൻ  ജില്ലാ മെഡിക്കൽ ഓഫീസറോട് നിർദ്ദേശം നൽകിയെന്ന് പൊന്നാനി നഗരസഭാ ചെയർമാൻ  പറഞ്ഞു.

അടുത്തിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തം ാമറി നൽകിയതിന് പിന്നാലെ രോഗി മരിച്ചിരുന്നു. സർക്കാർ ഡോക്ടർമാരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്. പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയിലാണ് പുതിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.