ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രനിൽ വിജയകരമായിറക്കാൻ സാധിച്ചത് ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ നാഴികക്കല്ലാകുന്ന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മറ്റൊരു രാജ്യത്തിനും ഇതുവരെ സാധിച്ചിട്ടില്ലാത്ത ദക്ഷിണധ്രുവത്തിനടുത്ത് പേടകം ഇറക്കുകയെന്ന നേട്ടവും ചന്ദ്രയാൻ 3യിലൂടെ ഇന്ത്യ കൈവരിച്ചു.
എന്നാൽ ഇന്ത്യയുടെ ഈ അഭിമാന നേട്ടം തെറ്റാണെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം. ഇതിൽ പ്രധാനിയാണ് ചൈനയുടെ ചാന്ദ്രപര്യവേക്ഷണദൗത്യങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ഔയാങ് സിയുവാൻ. ഇന്ത്യ ചന്ദ്രയാൻ 3 ലാൻഡിങ് നേട്ടം അമിതമായി കൊട്ടിഘോഷിക്കുകയാണെന്ന് സിയുവാൻ അവകാശപ്പെടുന്നു.
ചൈനീസ് മാധ്യമമായ സയൻസ് ടൈമിനോടാണ് സിയുവാൻ ഇത് പറയുന്നത്. 69 ഡിഗ്രി ദക്ഷിണ അക്ഷാംശത്തിലാണ് ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലം. അത് ദക്ഷിണധ്രുവം അല്ല. 88.5 ഡിഗ്രിയ്ക്കും 90 ഡിഗ്രിയ്ക്കും ഇടയിലുള്ള പ്രദേശത്തെയാണ് ദക്ഷിണ ധ്രുവമായി കണക്കാക്കുന്നതെന്നും സിയുവാൻ പറയുന്നു.
ഇന്ത്യൻ മാധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ചന്ദ്രയാൻ 3 ഇറങ്ങിയത് ദക്ഷിണ ധ്രുവത്തിലാണെന്ന് പറയുന്നുണ്ടെങ്കിലും ദക്ഷിണധ്രുവത്തിനടുത്ത പ്രദേശം എന്ന് തന്നെയാണ് ഐഎസ്ആർഒയും ഔദ്യോഗികമായി പറയുന്നത്.
‘ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലോ അതിനടുത്തോ അല്ല. ധ്രുവമേഖയിൽ നിന്ന് 619 കിലോമീറ്റർ അകലെയാണ് ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലം.’ സിയുവാൻ പറയുന്നു.
ബഹിരാകാശ രംഗത്തുൾപ്പടെ വിവിധ മേഖലയിൽ ഇന്ത്യയുടെ പ്രധാന എതിരാളിയാണ് ചൈന എല്ലാവർക്കം അറിയുന്ന കാര്യമാണ്. ചന്ദ്രയാൻ 3 ന്റെ നേട്ടങ്ങളെ ഇകഴ്ത്തി സംസാരിക്കുന്ന ആദ്യ ചൈനീസ് ശാസ്ത്രജ്ഞനല്ല സിയുവാൻ. മുമ്പ് ബെയ്ജിങിൽ നിന്നുള്ള ബഹിരാകാശ വിദഗ്ദനായ പാങ് ഷിഹാവോ എന്നയാളും ഇന്ത്യയേക്കാൾ മുന്നിൽ ചൈനയാണെന്ന വാദവുമായി രംഗത്തെത്തിയിരുന്നു. പല മേഖലയിലും ചൈനയാണ് മുന്നിട്ടുനിൽക്കുന്നത്. 2010 ലെ ചാങ് ഇ-2 ന് ശേഷം ഭൂമിയിൽ നിന്ന് നേരിട്ട് മൂൺ ട്രാൻസ്ഫർ ഓർബിറ്റിലേക്ക് ഓർബിറ്ററുകളും ലാൻഡറുകളും അയക്കാൻ ചൈനയ്ക്ക് സാധിക്കുന്നുണ്ട്. വിക്ഷേപണ വാഹനങ്ങളുടെ പിരിമിതി മൂലം ഇന്ത്യക്ക് അതിന് കഴിയില്ല. ഷിഹാവോ ഗ്ലോബൽ ടൈംസിന് നൽകിയ പ്രതികരണത്തിൽ പറയുന്നു.
അത്യാധുനിക എഞ്ചിനാണ് ചൈന ഉപയോഗിക്കുന്നത്. തങ്ങളുടെ ലൂണാർ റോവർ വലുതാണ്. പ്രജ്ഞാൻ റോവറിന്റെ കാലദൈർഘ്യം ഒരു ചാന്ദ്രദിനം മാത്രമാണ് എങ്കിൽ, ആണവോർജത്തിൽ പ്രവർത്തിക്കുന്ന ചൈനയുടെ യുടു-2 റോവറിന് ദീർഘനാൾ ചാന്ദ്ര ഉപരിതലത്തിൽ ചെലവഴിച്ച റെക്കോർഡുണ്ടെന്നും ഷിഹാവോ പറഞ്ഞു.
ചൈന ഇങ്ങനെ പരിഹസിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ചന്ദ്രയാൻ 3 എത്തിയ അത്രയും ദൂരം ചൈനയുൾപ്പടെ മറ്റൊരു രാജ്യത്തിന്റെ പേടകവും സഞ്ചരിച്ചെത്തിയിട്ടില്ല. ദക്ഷിണ ധ്രുവ മേഖല ലക്ഷ്യമിട്ടുള്ള റഷ്യയുടെ ലൂണ-25 ദൗത്യം അടുത്തിടെ പരാജയപ്പെട്ടിരുന്നു.