നിയമന കോഴ വിവാദം; പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഹരിദാസൻ; മൊഴിയെടുപ്പ് പൂർത്തിയായി

മലപ്പുറം/തിരുവനന്തപുരം: പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ നിയമന കൈക്കൂലി കേസിലെ പരാതിക്കാരൻ. പണം വാങ്ങിയത് അഖിൽ മാത്യു ആണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അഖിൽ മാത്യുവിന്റെ ഫോട്ടോ, അഖിൽ സജീവ് ആണ് കാണിച്ചു തന്നത്. ഒരു തവണയാണ് കാണിച്ചു തന്നതെന്നും അത് മാസങ്ങൾക്ക് മുമ്പായിരുന്നുവെന്നും ഹരിദാസൻ മാധ്യമങ്ങളോട് പറഞ്ഞു.

അഖിൽ മാത്യു ആണെന്ന് പറഞ്ഞാണ് പണം കൈമാറിയത്. പൊലീസ് ഫോട്ടോകൾ കാണിച്ച് തന്ന് ചോദിച്ചറിഞ്ഞുവെന്നും അവ വ്യത്യാസമുണ്ടെന്നും ഹരിദാസൻ കൂട്ടിച്ചേർത്തു. വാട്‌സ്ആപ്പ് സന്ദേശങ്ങളും തെളിവുകളും കൈമാറി. ബാസിതിനെ കുറിച്ച് ചോദിച്ചെന്നും ബാസിതിനെ ഫോക്കസ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നും പരാതിക്കാരൻ പറഞ്ഞു.

ഹരിദാസൻ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് എസ്‌ഐ ഷെഫിൻ പറഞ്ഞു. തെളിവുകൾ കൈമാറിയിട്ടുണ്ടന്നും പൊലീസ് വ്യക്തമാക്കി. ഒമ്പത് മണിക്കൂർ സമയമാണ് പരാതിക്കാരന്റെ മൊഴിയെടുത്തത്.

അതേസമയം, ഡോക്ടർ നിയമനത്തിന് പേഴ്സണൽ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പരാതി എഴുതി നൽകാൻ ഹരിദാസനോട് ആവശ്യപ്പെട്ടത് താനാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോപണത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയായതിനു ശേഷം വീണ്ടും കാണാമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹരിദാസൻ ഓഫീസിൽ എത്തി പേഴ്സണൽ സെക്രട്ടറിയെ വാക്കാൽ പരാതി അറിയിച്ചിരുന്നു. പരാതി എഴുതി നൽകാൻ താൻ നിർദ്ദേശിക്കുകയായിരുന്നു. താൻ പറഞ്ഞതിൽ കൂടുതൽ ഹരിദാസൻ ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.