ഗർഭിണിക്ക് രക്തം മാറി നൽകി: 2 ഡോക്ടർമാരെ പുറത്താക്കി; നഴ്സിന് സസ്പെൻഷൻ; ശ്രദ്ധക്കുറവ് മൂലമെന്ന് സൂപ്രണ്ടിന്റെ റിപ്പോർട്ട്

പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം ശ്രദ്ധക്കുറവ് മൂലം സംഭവിച്ചതെന്ന് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട്. ഡോക്ടർക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തല്‍. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് രക്തം നല്‍കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ 2 ഡോക്ടർമാരെ പുറത്താക്കി. 1 നഴ്സിനെ സസ്പെൻഡ് ചെയ്തു.

വ്യാഴാഴ്ചയാണ് പാലപ്പെട്ടി സ്വദേശി റുഖ്‌സാനക്ക് (26) രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകുകയായിരുന്നു. യുവതി ഇപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 25നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്‌സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് റുഖ്‌സാനയുടെ കുടുംബത്തിന്റെ തീരുമാനം.