ഗ്രോ വാസുവിനെ സ്വീകരിച്ചു; പോലീസുകാരന് നോട്ടീസ്; കുറ്റവിമുക്തൻ ശത്രുവല്ലെന്ന് മറുപടി

പത്തനംതിട്ട: പൗരാവകാശ പ്രവർത്തകൻ ഗ്രോ വാസു ജയിൽ മോചിതനായപ്പോൾ സ്വീകരിക്കാനെത്തിയെന്ന് കാട്ടി പോലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്. ആറൻമുള സ്റ്റേഷനിലെ സിപിഒ ഉമേഷിനോടാണ് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ വിശദീകരണം തേടിയത്. മാവോയിസ്റ്റുകൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതിനെതിരേ പ്രതിഷേധിച്ച കേസിൽ അറസ്റ്റിലായ ഗ്രോ വാസു ജയിൽ മോചിതനായപ്പോൾ സ്വീകരിക്കാനെത്തിയെന്ന് ചൂണ്ടി ക്കാട്ടിയാണ് നടപടി.

താൻ സ്വീകരണത്തിൽ പങ്കെടുത്തിട്ടില്ലെന്നും നിസ്സാരമായ കുറ്റം ആരോപിക്കപ്പെടുകയും കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ഒരാളെ അകറ്റി നിർത്തുകയോ ശത്രുവായി കാണുകയോ ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും വിശദീകരണ കത്തിൽ ഉമേഷ് വ്യക്തമാക്കുന്നു.

കോഴിക്കോട് ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങിയ ഗ്രോ വാസുവിനോട് അനുഭാവം പ്രകടിപ്പിച്ച് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയതും ഇതിന്റെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതും ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണെന്നുമാണ് ഡിവൈഎസ്പി നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാക്കുന്നത്. പോലീസുകാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് ഡിജിപിയുടെ സർക്കുലറിന് വിരുദ്ധമായ നടപടിയാണിതെന്നും സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയതിനാൽ 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.

ഗ്രോ വാസുവിനോട് അനുഭാവം പ്രകടിപ്പിക്കുകയോ സ്വീകരണത്തിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസുകാരന്റെ വിശദീകരണത്തിൽ പറയുന്നു. താനും തന്റെ കുടുംബവും താമസിക്കുന്ന ജില്ലയിലേക്ക് വരുന്നതിൽ എന്താണ് അപാകതയെന്നും അദ്ദേഹം ചോദിക്കുന്നു. കോടതി നിരപരാധിയെന്ന് വിധിച്ച ഒരാളെ കാണുന്നതും ഫോട്ടോ എടുക്കുന്നതും പോസ്റ്റ് ചെയ്യുന്നതും ഡിജിപിയുടെ സർക്കുലറിൽ നിഷേധിച്ചിട്ടുള്ള കാര്യമല്ല. സർക്കാർ കുറ്റം ആരോപിച്ച് സ്ഥാനഭ്രഷ്ടനാക്കുകയും പിന്നീട് കോടതി ഉത്തരവിലൂടെ തിരികെ സംസ്ഥാന പോലീസ് മേധാവിയായി എത്തുകയും ചെയ്ത ഒരാളുടെ സർക്കുലറാണ് ഈ കാരണം കാണിക്കൽ നോട്ടീസിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതുതന്നെ കോടതി വിധിയെ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ്.

നിസ്സാരമായ കുറ്റം ആരോപിക്കപ്പെടുകയും കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ഒരാളെ അകറ്റി നിർത്തുകയോ ശത്രുവായി കാണുകയോ ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും വിശദീകരണ കത്തിൽ പറയുന്നു. കേരള പോലീസിന്റെ അന്തസ്സ്, ഉമേഷ് എന്ന ഏറ്റവും താഴേക്കിടയിലുള്ള പോലീസുകാരൻ ഗ്രോ വാസുവിന്റെ ഫോട്ടോ ഫെയ്സ്ബുക്കിലിട്ടാൽ കളങ്കമേൽക്കുന്നത്ര ദുർബലമല്ല. കേരളം കണ്ട കുപ്രസിദ്ധ ബലാത്സംഗ ക്വട്ടേഷൻ കേസിൽ ജാമ്യത്തിലിരിക്കുന്ന പ്രതി അറൻമുള സ്റ്റേഷനിൽ വള്ള സദ്യ നടത്തിയപ്പോൾ ആദ്യാവസാനം ഒപ്പം നിൽക്കാനും സഹായത്തിനും പോലീസുകാരനെ യൂണിഫോമിൽ അയച്ചതും, ഇതേ പോലീസുകാരൻ പ്രതിയുടെ വീഡിയോ എടുത്ത് ആരാധനയോടെ സാമൂഹ മാധ്യമത്തിൽ പങ്കുവച്ചതും എന്തൊരു വിരോധാഭാസമാണെന്നും ഉമേഷ് ചോദിക്കുന്നു. പോലീസിന്റെ അന്തസ്സ് കളയുന്നത് ആരൊക്കെയാണെന്നും എങ്ങനെയൊക്കെയാണെന്നും അങ്ങേക്കറിയാമല്ലോയെന്നും ഉമേഷ് കത്തിൽ പറയുന്നു.

എന്തായാലും ഉമേഷിന്റെ മറുപടി ഡിവൈഎസ്പിക്ക് തൃപ്തികരമാകുമോ അതോ തുടർ നടപടിയിലേക്ക് കടക്കുമോ എന്നാണറിയാനുള്ളത്.