കേന്ദ്രം കടമെടുക്കാന്‍ സമ്മതിക്കുന്നില്ലെന്ന് മുഖ്യമന്ത്രി; ‘കിഫ്ബിയുടെ കടം സംസ്ഥാനത്തിന്റേതാക്കി’

പത്തനംതിട്ട : കടമെടുക്കലിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കടമെടുക്കല്‍ വിഷയത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. പത്തനംതിട്ട തിരുവല്ലയിൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘നിങ്ങള്‍ക്കാകാം ഞങ്ങള്‍ക്കാകില്ല’ എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന് എത്ര വേണമെങ്കിലും കടമെടുക്കാം. കേരളത്തെ കടമെടുക്കാന്‍ അനുവദിക്കുന്നില്ല. കിഫ്ബിയുടെ കടം സംസ്ഥാനത്തിന്റെ കടമാക്കി കേന്ദ്രം മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനവും കേന്ദ്രവും സംയുക്തമായി നടപ്പിലാക്കേണ്ട പദ്ധതികളിൽ കേന്ദ്രത്തിന്റെ വിഹിതം വെട്ടി കുറയ്ക്കുകയാണ്. അതിന്റെ ഫലം സ്വാഭാവികമായി സംസ്ഥാന വിഹിതം വർദ്ധിക്കുന്നു എന്നതാണ്. വരുമാനം ഏറ്റവും കൂടുതൽ കേന്ദ്രത്തിനാണ് ലഭിക്കുന്നത്. എന്നാൽ ഏറ്റവും കൂടുതൽ ചിലവ് വരുന്നത് സംസ്ഥാനങ്ങൾക്കുമാണ്. കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമ പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനകാര്യമന്ത്രി ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. ക്ഷേമപെൻഷൻ അനർഹർക്കാണ് നൽകുന്നതെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ. പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് ഇതിലൂടെ മന്ത്രി നൽകുന്നതെന്നും പിണറായി പറഞ്ഞു. പത്തനംതിട്ട തിരുവല്ലയിൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് ജനസദസ്സ് നടക്കുന്നത്. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും.