നിയമനക്കോഴ: മൊഴിയിൽ അവ്യക്തത; മന്ത്രിയുടെ സ്റ്റാഫിനെതിരെയുള്ള പരാതി ഒത്തുതീർപ്പിലേക്ക്; കേസ് ആൾമാറാട്ടമാക്കി മാറ്റാൻ നീക്കം

തിരുവനന്തപുരം: നിയമന കോഴ വിവാദത്തിൽ ഹരിദാസിന്റെ മൊഴിയിൽ അവ്യക്തതയെന്ന് പൊലീസ്. 500 രൂപ നോട്ടുകൾ അടങ്ങിയ ഒരു ലക്ഷം രൂപ കൈമാറിയെന്നാണ് ഹരിദാസിന്റെ മൊഴി. ആർക്കാണ് പണം നൽകിയതെന്നോ, പണത്തിന്റെ ഉറവിടത്തെക്കുറിച്ചോ മൊഴിയിൽ വ്യക്തത ഇല്ല. കാഴ്ച്ചക്കുറവുള്ളതിനാൽ പണം വാങ്ങിയ ആളെ കണ്ടാൽ തിരിച്ചറിയില്ലെന്നും മൊഴിയെന്നും പൊലീസ് വ്യക്തമാക്കുന്നു.

അഖിൽ മാത്യു

അതിനിടെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ വിവാദമായ നിയമന കോഴക്കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന. പരാതിക്കാരൻ ഹരിദാസൻ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെ അല്ല കണ്ടതെന്നു വരുത്തി തീർക്കാനാണ് നീക്കം. അഖിൽ സജീവ് കാണിച്ചുതന്ന ഫോട്ടോയിലെ വ്യക്തിയെയാണ് താൻ കണ്ടതെന്നും തനിക്ക് കാഴ്ചക്ക് പ്രശ്നം ഉണ്ടെന്നുമായിരുന്നു ഇന്നലെ മൊഴി എടുക്കലിന് ശേഷം ഹരിദാസൻ പറഞ്ഞത്.
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം
അഖിൽ മാത്യുവിനെ രക്ഷിക്കാനും, കോഴക്കേസ് ആൾമാറാട്ട കേസായി വഴിതിരിച്ചുവിടാനുമുള്ള ശ്രമവുമാണ് അണിയറയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമാണ് കന്റോൺമെന്റ് പൊലീസ് ആരോപണം ഉന്നയിച്ച ഹരിദാസന്റെ വീട്ടിലെത്തി 9 മണിക്കൂർ നീണ്ട വിശദമായ മൊഴി എടുക്കൽ.

മുമ്പ് ഹരിദാസൻ പല തവണ ആവർത്തിച്ച് പറഞ്ഞത് ഇന്നലെ മൊഴി എടുക്കലിന് ശേഷം മാധ്യമങ്ങളോട് തിരുത്തി പറഞ്ഞ്ഞിരുന്നു. അഖിൽ മാത്യുവിന്റെ ഫോട്ടോ അഖിൽ സജീവ് കാണിച്ച് തന്നുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഹരിദാസൻ മൊഴി നൽകിയിട്ടുള്ളത്. അഖിൽ മാത്യുവിന്റെ ഫോട്ടോ അഖിൽ സജീവ് കാണിച്ച് തന്നുള്ള പരിചയം മാത്രമേ ഉള്ളൂ എന്നും,

തന്റെ കൈയിൽ നിന്ന് പണം വാങ്ങിയത് അഖിൽ മാത്യു തന്നെയെന്ന് വിശ്വസിക്കുന്നു എന്നുമുള്ള ഹരിദാസന്റെ മൊഴി അഖിൽ മാത്യുവിന് സംശയങ്ങളുടെ ആനുകൂല്യം നൽകുന്നതാണ്. അഖിൽ മാത്യുവിനല്ല ഹരിദാസൻ ഒരു ലക്ഷം രൂപ കോഴ നൽകിയതെന്ന് വരുത്തി തീർക്കാനുള്ള ആസൂത്രിത നീക്കമാണ് മൊഴിമാറ്റലിന് പിന്നിലെന്നാണ് വിലയിരുത്തൽ. നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരൻ ഹരിദാസ് പറയുന്നുണ്ടെങ്കിലും പഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനല്ല പണം കൊടുത്തതെന്നും ഇതിൽ ആൾമാറാട്ടം നടന്നിട്ടുണ്ടെന്നും വരുത്താനാണ് പിന്നാമ്പുറ നീക്കം.

അഖിൽ സജീവ്

അഖിൽ സജീവ് കാണിച്ച ഫോട്ടോയിലെ വ്യക്തിക്ക് പണം നൽകി എന്നാണ് ഹരിദാസൻ ഇപ്പോൾ പറയുന്നത്. മാത്രമല്ല ഫോട്ടോ ഒരു തവണ മാത്രമാണ് കണ്ടതെന്നും തനിക്ക് കാഴ്ച പ്രശ്നങ്ങളുണ്ടെന്നും ഹരിദാസൻ ഇന്നലെ പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഹരിദാസൻ തിരുപുരത്ത് ഉണ്ടായിരുന്നു എന്നു പറയുന്ന ദിവസങ്ങളിലും വ്യക്തതക്കുറവുണ്ട്. 9, 10 തീയതികളിലാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ 11 നും മൊബൈൽ ടവർ ലൊക്കേഷൻ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

ഹരിദാസൻ, പരാതിക്കാരൻ

ഹരിദാസൻ ആരോഗ്യ മന്ത്രിക്ക് നൽകി പിന്നീട് ഡിജിപി ക്ക് കൈമാരിയ പരാതിയിൽ ഇതുവരെ എഫ് ഐ ആർ – പോലും ഇട്ടിട്ടില്ല. ഇപ്പോഴത്തെ നീക്കങ്ങളിൽ അഖിൽ മാത്യു രക്ഷപ്പെടുമെന്ന കാര്യം തീർച്ചയാണ്. അതിനാൽ ഈ പരാതിയിൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യും. ആൾമാറാട്ടവും, തൊഴിൽ തട്ടിപ്പും നടത്തി പണം വാങ്ങിയതടക്കമാവും കേസെടുക്കുക. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളുള്ള അഖിൽ സജീവിലേക്ക് കേസ് ഒതുങ്ങാനുള്ള സാധ്യതയാണ് വിരൽ ചൂണ്ടുന്നത്, ഇടനിലക്കാരായിനിന്ന ബാസിത്, ലെനിൻ തുടങ്ങിയവരിലേക്കും മന്ത്രിയുടെ ഓഫിസിനെതിരായ കോഴ ആരോപണം ഒതുക്കാനാണ് നീക്കമെന്ന് സൂചനയുണ്ട്.