സസ്‌പെൻസ് ത്രില്ലറുമായി ചാക്കോച്ചൻ; ‘ചാവേർ’ അഞ്ചിന് തിയേറ്ററിലേക്ക്

കൊച്ചി എവർഗ്രീൻ റൊമാന്റിക് ഹീറോയായ കുഞ്ചാക്കോ ബോബൻ വേറിട്ട ഗെറ്റപ്പിലെത്തുന്ന പുതിയ ചിത്രം ‘ചാവേർ’ (Chaver) തിയേറ്ററിലേക്ക്. ഒക്‌ടോബർ അഞ്ചിന് സിനിമ തിയേറ്ററുകളിൽ എത്തും. നിർമാതാക്കൾ തന്നെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്.

സെപ്‌റ്റംബർ 21ന് ആയിരുന്നു ആദ്യ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് തീയതി ഒക്‌ടോബർ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ ആക്ഷൻ ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് ചാവേർ. പ്രഖ്യാപനം മുതൽ പ്രേക്ഷകർ സിനിമ ഏറ്റെടുത്തിരുന്നു. മാത്രമല്ല, ടിനുവും ചാക്കോച്ചനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

സിനിമയുടേതായി കുറച്ചു നാൾ മുമ്പ് പുറത്തിറങ്ങിയ ടൈറ്റിൽ പോസ്‌റ്ററും ടീസറും ഏറെ ചർച്ചയായിരുന്നു. ഏറെ ആകാംഷയും ദുരൂഹതയും നിറച്ചെത്തിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്ററും, തീപാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മീതെ പറന്നിരുന്നു. ചാക്കോച്ചൻ കൂടാതെ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചോര ചിന്തുന്ന പോരാട്ട വീര്യമുള്ള കഥാപാത്രങ്ങളായാണ് മൂവർ സംഘം പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിശദീകരണം. ചിത്രത്തിൽ ശ്രദ്ധമായ വേഷത്തിൽ നടി സംഗീതയും എത്തുന്നുണ്ട്. ചിന്താവിഷ്‌ടയായ ശ്യാമളയിലൂടെ ശ്രദ്ധ നേടിയ താരം ഒരിടവേളക്ക് ശേഷമാണ് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്. ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായി എത്തുന്ന സിനിമയുടെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലർ ഇതിനകം 40 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്..

രാഷ്‌ട്രീയ കൊലപാതകങ്ങൾ പ്രമേയമാക്കി കണ്ണൂർ പശ്‌ചാലത്തലമാക്കിയാണ് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിൽ സിനിമ ഒരുക്കിയത്. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അടുത്തിടെയായി വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ ഞെട്ടിച്ചിട്ടുള്ള ചാക്കോച്ചൻ ചാവേറിലും കട്ട ലോക്കൽ ലുക്കിൽ പ്രേക്ഷകരെ ഒന്നുകൂടി ഞെട്ടിക്കാനുള്ള ശ്രമത്തിലാണ്. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂർത്തങ്ങളും ത്രില്ലറും സസ്‌പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രമായിരിക്കും ചാവേർ എന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്ന സൂചനകൾ.

മനോജ് കെയു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായണൻ, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായണൻ, വേണു വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ജിജോ ജോർജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.