കരുവന്നൂര്‍ തട്ടിപ്പില്‍ പാർട്ടിയെ വെട്ടിലാക്കി EP; തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നുവെന്ന് ആവർത്തിച്ച് ജയരാജൻ; പണത്തിന് വേണ്ടി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്നും ജയരാജന്‍; EP യുടെ തുറന്ന് പറച്ചിലിൽ പുകഞ്ഞ് CPM

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കണ്ടെത്തി പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍. സഹകരണ മേഖലയിലാകെ ആശങ്ക ഉയര്‍ത്തിയ പ്രശ്നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നു. തനിക്കെതിരായ തെറ്റായ ആരോപണത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജയരാജൻ സ്വകാര്യ ചാനലിനോട് കഴിഞ്ഞദിവസം പറഞ്ഞ്ഞിരുന്നു. കരുവന്നൂര്‍ തട്ടിപ്പിലെ പ്രധാന പ്രതി പി സതീഷ് കുമാർ മട്ടന്ന്നൂരുകാരനാണ്. തനിക്കു നന്നായി അറിയാം. പക്ഷെ അയാളുടെ ഇടപാടുകൾ അറിയില്ല, തനിക്ക് അയാളുമായി ഇടപാടില്ലെന്നും ഇപി പറഞ്ഞു. സതീശന്‍റെ ഡ്രൈവറെക്കൂടി ഇഡി അന്വേഷണ പരിധിയിൽ കൊണ്ട് വരണം. പി ആർ അരവിന്ദാക്ഷനെ അറിയില്ല. അരവിന്ദാക്ഷനല്ല ആരായാലും തെറ്റ് ചെയ്തു എന്ന് ബോധ്യമായാൽ പാർട്ടി സംരക്ഷിക്കില്ല എന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാൽ ഇന്നും ഇതേ കാര്യങ്ങൾ ആവർത്തിച്ച് ഇപി ജയരാജൻ മറ്റൊരു ചാനലിൽ രംഗത്തെത്തി. കരുവന്നൂര്‍ കേസില്‍ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കേസിലെ മുഖ്യപ്രതി പി സതീഷ്‌കുമാറിന്റെ ഡ്രൈവര്‍ എന്ന് പറഞ്ഞുവന്നയാള്‍ ക്വട്ടേഷന്‍കാരനാണ്. ജയിലില്‍ കിടന്ന ഇയാള്‍ പുറത്തിറങ്ങി കാശിന് വേണ്ടി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു. പി സതീഷ് കുമാറിന്റെ ഡ്രൈവര്‍ എന്ന് പറഞ്ഞ് വന്നയാളെ കുറിച്ച് അന്വേഷിക്കണം. അയാള്‍ ക്രിമിനല്‍ കേസില്‍ കുറേനാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഇങ്ങനെ പണത്തിന് വേണ്ടി അപകീര്‍ത്തിപ്പെടുത്തിയതിനും പണത്തിന് വേണ്ടി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ പൊലീസ് വിശദമായി അന്വേഷണം നടത്തണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

എന്നാൽ കരുവന്നൂരിൽ ഇപി ജയരാജൻ നടത്തിയ തുറന്നുപറച്ചിലിൽ നീറിപ്പുകഞ്ഞിരിക്കുകയാണ് സിപിഎം. പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിൽ ഏറ്റെടുക്കാനോ പരസ്യ പ്രതികരണത്തിനോ നേതൃത്വം തയ്യാറായിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശബ്ദമല്ല അതെന്ന തിരിച്ചറിവിലാണ് തുടര്‍ നടപടികൾ.

സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന് വീടുകയറി പ്രചാരണം അടക്കമുള്ള നടപടികൾക്കും തുടക്കമായിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പറഞ്ഞ നിലപാടിന് വിരുദ്ധമായി കരുവന്നൂരിൽ തെറ്റിയത് പാര്‍ട്ടിക്കാണെന്ന ഇപിയുടെ തുറന്ന് പറ‌ച്ചിൽ നേതൃത്വത്തിന് വലിയ അടിയായി. തിരുത്തേണ്ടവര്‍ തിരുത്തിയില്ലെന്ന് കൂടി പറഞ്ഞതോടെ ഒരു പടികൂടി കടന്ന് അത് മുതിര്‍ന്ന നേതാക്കളെ ലക്ഷ്യം വയ്ക്കുന്ന കുറ്റപത്രവുമായി.

എംവി ഗോവിന്ദൻ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റ അന്ന് മുതൽ നേതൃത്വത്തോട് ഉടക്കി , ഇണങ്ങിയും പിണങ്ങിയും നിന്ന ഇപി ജയരാജൻ കരുവന്നൂരിൽ പുതിയ പോര്‍മുഖം തുറക്കുകയാണ്. പാര്‍ട്ടിക്കകത്തെ പുകച്ചിൽ ഏറ്റു പിടിക്കാനോ പരസ്യപ്രതികരണത്തിനോ പക്ഷെ നേതാക്കളാരും തയ്യാറല്ല. അതിനിടെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നിലനിര്‍ത്താൻ അതിതീവ്ര പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് സിപിഎം തീരുമാനം. നിക്ഷേപങ്ങളുടെ സുരക്ഷിതത്വം മുതൽ നിക്ഷേപകര്‍ക്കുള്ള ആശങ്ക വരെ ഏറ്റെടുത്ത് യോഗങ്ങളും വീടുകയറി ബോധവത്കരണവും സംഘടിപ്പിക്കും. കരുതൽ ധനത്തിന്റെയും വായ്പകളുടേയും വിശദാംശങ്ങൾ അതാത് സഹകരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കും. സഹകാരികളും ബാങ്ക് ജീവനക്കാരും സംഘങ്ങളായി തിരിഞ്ഞാണ് ചൊവ്വാഴ്ച മുതൽ വീടുകൾ കയറുന്നത്. പുതിയ നിക്ഷേപം സ്വീകരിക്കലും കുടിശിക പിരിവും എല്ലാമാണ് അജണ്ട. ഫലത്തിൽ പരസ്യമായി തള്ളിയില്ലെങ്കിലും പാര്‍ട്ടിക്ക് വീഴ്ചയുണ്ടെന്ന ഇപിയുടെ വാദത്തെ ഏറ്റെക്കേണ്ടി വരുന്ന വിഷമവൃത്തത്തിലാണ് സിപിഎം.

കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് പണം ലഭ്യമാക്കും. അടുത്ത ആഴ്ചയോടെ പാക്കേജിന് അനുമതി നൽകുമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ഇടപെടാൻ കേരള ബാങ്കിനെ സമീപിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ എകെജി സെന്റർ കേന്ദ്രീകരിച്ചും ചര്‍ച്ചകൾ നടന്നു. സഹകരണ മേഖലക്കുള്ള വിശ്വാസ്യത പോലും ചോദ്യം ചെയ്യും വിധം കരുവന്നൂർ പ്രതിസന്ധി ആകെ പിടിച്ചുലച്ചെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. പുറമേക്ക് സമ്മതിക്കില്ലെങ്കിലും അണിയറയിൽ നടക്കുന്നത് തിരക്കിട്ട പ്രശ്ന പരിഹാര നീക്കങ്ങളാണ്.

നിക്ഷേപകർക്ക് നൽകാൻ 50 കോടിയെങ്കിലും അടിയന്തരമായി എത്തിക്കും. കേരള ബാങ്കിന്റെ റിസർവ് ഫണ്ടിൽ നിന്ന് പണം സർക്കാരിന്റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് എടുക്കും. പിന്നീട് പ്രത്യേക പാക്കേജ് ഉണ്ടാക്കി കരുവന്നൂരിലെ നിക്ഷേപകർക്ക് നൽകും. കേരള ബാങ്കിൽ നിന്ന് വായ്പ ലഭ്യമാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബാങ്ക് പ്രതിനിധി യോഗം കഴിഞ്ഞ ദിവസം എകെജി സെന്ററിൽ ചേര്‍ന്നിരുന്നു. നിശ്ചിത പലിശക്ക് വായ്പ ലഭ്യമാക്കാനുള്ള ധാരണ മൂന്നിന് ചേരുന്ന കേരളാ ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലും 11 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും 12 ന് ചേരുന്ന ജനറൽ ബോഡി യോഗത്തിലും അവതരിപ്പിക്കും.