4 വയസുകാരിക്ക് പേരിട്ട് ഹൈക്കോടതി; നടപടി മാതാപിതാക്കളുടെ സ്വരച്ചേർച്ച ഇല്ലായ്മയെ തുടർന്ന്

ജനനസര്‍ട്ടിഫിക്കറ്റില്‍ പേരുണ്ടായിരുന്നില്ല. സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ പേരില്ലാത്ത ജനനസര്‍ട്ടിഫിക്കറ്റ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചില്ല. പേരുചേര്‍ക്കാന്‍ അമ്മ രജിസ്ട്രാറെ സമീപിച്ചെങ്കിലും മാതാപിതാക്കള്‍ രണ്ടുംപേരും ഹാജരാകണമെന്ന് നിര്‍ദേശിച്ച് മടക്കുകയായിരുന്നു.

കൊച്ചി: നാലുവയസ്സുകാരിക്ക് പേരിടുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് യോജിപ്പിലെത്താനാകാത്തതിനാൽ ഹൈക്കോടതിതന്നെ കുട്ടിക്ക് പേരിട്ടു. വേർപിരിഞ്ഞുകഴിയുന്ന ദമ്പതിമാർക്കാണ് മകൾക്ക് പേരിടുന്ന കാര്യത്തിലും സ്വരച്ചേർച്ചയില്ലാതായത്.

കുടുംബകോടതി ഇടപെട്ടിട്ടും തീർപ്പുണ്ടാകാത്തതിനാലാണ് അമ്മ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് ‘പേരന്റ്സ് പാട്രിയ’ എന്ന അധികാരം വിനിയോഗിച്ച് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കുട്ടിക്ക് പേരിട്ടത്. അമ്മ നിർദേശിച്ച പേരിനോടൊപ്പം അച്ഛന്റെ പേരും ചേർത്തു.

‘പേരന്റ്സ് പാട്രിയ’ എന്ന അധികാരം ഉപയോഗിക്കുമ്പോൾ കുട്ടിയുടെ താത്പര്യമാണ് കണക്കിലെടുക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനനസർട്ടിഫിക്കറ്റിൽ പേരുണ്ടായിരുന്നില്ല. സ്കൂളിൽ ചേർക്കുമ്പോൾ പേരില്ലാത്ത ജനനസർട്ടിഫിക്കറ്റ് സ്കൂൾ അധികൃതർ സ്വീകരിച്ചില്ല.

പേരുചേർക്കാൻ അമ്മ രജിസ്ട്രാറെ സമീപിച്ചെങ്കിലും മാതാപിതാക്കൾ രണ്ടുംപേരും ഹാജരാകണമെന്ന് നിർദേശിച്ച് മടക്കുകയായിരുന്നു. അമ്മ കുടുംബകോടതിയെ സമീപിച്ചതോടെ മാതാപിതാക്കൾ മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ മുന്നിൽ ഹാജരാകാൻ കുടുംബകോടതി നിർദേശിച്ചു. അത് പാലിക്കപ്പെട്ടില്ല. പുതിയ പേരുകാണിച്ച് ഹർജിക്കാരിക്ക് ജനന സർട്ടിഫിക്കറ്റിനായി പുതിയ അപേക്ഷ നൽകാം.