കേരളീയ’ത്തില്‍ പങ്കെടുക്കുക ആഗോള പ്രമുഖര്‍; സുന്ദര്‍ പിച്ചൈയും സത്യ നാദെല്ലയും കേരളത്തിലേക്ക്..

തിരുവനന്തപുരം : 67-മത് കേരളപ്പിറവിയോടനുബന്ധിച്ച് നടക്കുന്ന ‘കേരളീയം’പരിപാടിയില്‍ ലോകമെമ്പാടുമുള്ള പ്രമുഖര്‍ പങ്കെടുക്കും. നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി ‘കേരളീയ’ത്തിന്റെ വമ്പന്‍ സംസ്‌കാരിക വിരുന്നാണ് ഒരുക്കിയിട്ടുള്ളത്.

നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവത്തിലാണ് കേരളത്തിന്റെ മുഴുവന്‍ കലകളെയും അണിനിരത്തിയുള്ള സമ്പൂര്‍ണ കലാവിരുന്ന് അരങ്ങേറുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. നവംബറില്‍ നടക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ സെമിനാറുകളുണ്ടാകും.

വിവര സാങ്കേതിക സെഷനില്‍ സംസാരിക്കാന്‍ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല, എന്‍വിഡിയ സി.ഇ.ഒ ജെന്‍സന്‍ ഹുവാങ്, നാസ്‌കോം ചെയര്‍പേഴ്സണ്‍ അനന്ത് മഹേശ്വരി, തമിഴ്നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍ എന്നിവര്‍ എത്തിയേക്കും. എന്നാല്‍ സ്പീക്കര്‍മാരുടെ അന്തിമ ലിസ്റ്റ് അവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ പുറത്തുവിടൂ.

മോണ്ട്ക്ലെയര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്ര പ്രൊഫസര്‍ റിച്ചാര്‍ഡ്. ഡബ്ല്യു ഫ്രാങ്ക് കേരളത്തിലെ സഹകരണ സംഘങ്ങളെക്കുറിച്ചുള്ള ഒരു സെഷനില്‍ പ്രസംഗിക്കും. നബാര്‍ഡ് ചെയര്‍മാന്‍ കെ.വി ഷാജി, എന്നിവരാണ് മറ്റ് പ്രസംഗകര്‍. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ കോവിഡിനെ കേന്ദ്രീകരിച്ചുള്ള പ്രത്യേക സെഷനും ഉണ്ടാകും.