കാണാതായ പൂച്ചയെ 3 വർഷത്തിന് ശേഷം തിരിച്ചുകിട്ടി- തുണച്ചത് മൈക്രോ ചിപ്പ്

ഏറെ ഓമനിച്ച് വളർത്തുന്ന മൃഗങ്ങളെ പെട്ടെന്നൊരു ദിവസം കാണാതാകുന്നത് എത്ര വേദനാജനകമാണ്! എന്നാൽ, അതിന്റെ നൂറിരട്ടി സന്തോഷമാണ് അവയെ തിരികെ കിട്ടുന്നത്. അമേരിക്കയിലെ കൊളറാഡോയിൽ ജെനി ഓവൻസ് എന്ന യുവതി ഇപ്പോൾ ഇത്തരമൊരു സന്തോഷത്തിലാണ്.

തന്റെ ഓമനയായ ‘സരിൻ’ എന്ന അഞ്ചു വയസുള്ള പൂച്ചയെ മൂന്ന് വർഷത്തിന് ശേഷമാണ് ഓവൻസിനു തിരിച്ചു കിട്ടിയത്. പൂച്ചയിൽ വീട്ടുകാർ ഘടിപ്പിച്ച മൈക്രോചിപ്പാണ് വർഷങ്ങൾക്ക് ശേഷമുള്ള ഈ കൂടിക്കാഴ്‌ചക്ക് നിർണായകമായതും.

അമേരിക്കയിലെ കൊളറാഡോയിലെ കാനസാ സിറ്റിയിലെ വീട്ടിൽ നിന്ന് 1077 കിലോമീറ്റർ അകലെ നിന്നാണ് പൂച്ചയെ മൂന്ന് വർഷത്തിന് ശേഷം കണ്ടെത്തിയത്. കൊളറോഡയിലെ ഡുറാൻകോയിലെ ആനിമൽ ഷെൽറ്റർ അധികൃതരാണ് സരിന്റെ ദേഹത്തുള്ള മൈക്രോ ചിപ്പ് കണ്ടെത്തിയത്. ഇതോടെയാണ് സരിൻറെ വീട്ടിലേക്കുള്ള വഴി തെളിഞ്ഞത്. പൂച്ചയിൽ നിന്ന് ലഭിച്ച മൈക്രോചിപ്പിൽ നിന്ന് ലഭിച്ച വിലാസം ആയിരത്തിലധികം കിലോമീറ്റർ അകലെ നിന്നായതിനാൽ അപ്‍ഡേഷൻ നടക്കാത്ത ചിപ്പായിരിക്കും എന്നായിരുന്നു ഷെൽറ്ററിലെ ജീവനക്കാർ തുടക്കത്തിൽ കരുതിയത്. എന്നാൽ, ഉടമകളെ കണ്ടെത്താനുള്ള അവസാന ശ്രമമെന്ന രീതിയിൽ ഈ വിലാസത്തിൽ ബന്ധപ്പെട്ട ജീവനക്കാരാണ് ഒടുക്കം അമ്പരന്നത്.

പൂച്ച മരിച്ചെന്ന് കരുതി ദുഃഖാചരണം വരെ നടത്തിയ സമയത്താണ് ആയിരം കിലോമീറ്റർ അകലെ നിന്ന് സരിനെ കണ്ടെത്തിയ വിവരം ലഭിക്കുന്നത്. ഇതോടെ വീട്ടുകാരും ത്രില്ലിലായി. അമേരിക്കൻ എയർലൈൻസാണ് സരിനെ തിരികെ വീട്ടിലെത്തിക്കാൻ വഴിയൊരുക്കിയത്. സൗജന്യമായാണ് പൂച്ചയെ വിമാനക്കമ്പനി വീട്ടിലെത്തിച്ചു നൽകിയത്.

എന്നാൽ, ഇത്രയും ദൂരം പൂച്ച എങ്ങനെ തനിയെ സഞ്ചരിച്ചുവെന്നതിലാണ് വീട്ടുകാർക്ക് സംശയം മാറാത്തത്. ചിലപ്പോൾ പല വണ്ടികളിൽ കയറിയും അല്ലെങ്കിൽ ആരെങ്കിലും പിടിച്ചു കൊണ്ടുപോകുമ്പോൾ രക്ഷപ്പെട്ടതാവും എന്ന നിരീക്ഷണത്തിലാണ് സരിന്റെ വീട്ടുകാരുള്ളത്. എന്തായാലും, ഓമനപ്പൂച്ചയുടെ തിരിച്ചുവരവ് ഗംഭീര പരിപാടിയോടെയാണ് ഓവൻസ് കുടുംബം ആഘോഷിച്ചത്.