ഓണം ബംബര്‍; സസ്‌പെന്‍സ് തീരുന്നില്ല; വിജയികള്‍ക്ക് സമ്മാനം നിഷേധിക്കുമോ? പണം സര്‍ക്കാരിന്?

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബര്‍ ടിക്കറ്റ് വില്‍പ്പന തൊട്ട് വാര്‍ത്തകളില്‍ നിറയുന്നുണ്ട്. റെക്കോഡ് വില്‍പനയാണ് ഓണം ബംബറില്‍ ഇത്തവണ ഉണ്ടായത്. ഇത് കൂടാതെ നറുക്കെടുപ്പ് തൊട്ട് ട്വിസ്റ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുമായി ബന്ധപ്പെട്ട് നടന്നത്.

ഇപ്പോഴിതാ സമ്മാനര്‍ഹമായ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റതാണ് എന്നും സമ്മാനം നല്‍കരുത് എന്നും പറഞ്ഞുള്ള ആരോപണം പുറത്ത് വന്നിരിക്കുകയാണ്. ഇതോടെ 25 കോടി ഒന്നാം സമ്മാനമുള്ള ഓണം ബംബറില്‍ സസ്‌പെന്‍സ് തുടരുകയാണ്. ഏതായാലും ഒന്നാം സമ്മാനം കിട്ടിയത് കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനെന്ന പരാതി ലോട്ടറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള നാല് പേര്‍ക്കാണ് ഓണം ബംബറില്‍ ഒന്നാം സമ്മാനമടിച്ചത്. വാളയാറില്‍ നിന്നാണ് ടിക്കറ്റ് എടുത്തത് എന്നാണ് വിജയികള്‍ പറഞ്ഞത്. സ്വാമിനാഥൻ, പണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവ്വർ ചേർന്നാണ് ടിക്കറ്റ് എടുത്തത്. വാളയാറിൽ അപകടത്തിൽ പരിക്കേറ്റ കിടക്കുന്ന സുഹൃത്തിനെ കണ്ട് തിരിച്ചുവരുന്നതിനിടയിലാണ് ടിക്കറ്റെടുത്ത്. മൂന്ന് ടിക്കറ്റുകളായിരുന്നു എടുത്തത്.

കേരള ലോട്ടറി കേരളത്തിന് പുറത്ത് വില്‍ക്കാന്‍ പാടില്ല എന്ന് നിയമമുണ്ട്. എന്നാല്‍ കേരളത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് ഇവിടെ വന്ന് ടിക്കറ്റ് വാങ്ങാം. സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബർ സമ്മാനം ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണ് എന്നും സമ്മാനം നൽകരുതെന്നും തമിഴ്നാട് സ്വദേശിയുടെ പരാതി. ഒന്നാം സമ്മാനർഹമായ ലോട്ടറി കേരളത്തിലെ ഏജൻസിയിൽ നിന്ന് കമ്മീഷൻ വ്യവസ്ഥയിലെടുത്ത് തമിഴ്നാട്ടിലെ ചില ഭാഗങ്ങളിൽ വിറ്റ ടിക്കറ്റിൽ ഉൾപ്പെട്ടതാണെന്നും ബ്രിന്ദ ചാരിറ്റബിൾ ട്രസ്റ്റ് ഉടമ ഡി അൻപുറോസ് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും നൽകിയ പരാതിയിൽ പറയുന്നു.

ആദ്യം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് കോഴിക്കോട് ആണ് എന്നായിരുന്നു പുറത്ത് വന്നത്. എന്നാല്‍ കോഴിക്കോട്ടെ ബാവാസ് ലോട്ടറി ഉടമ സമ്മാനര്‍ഹമായ ടിക്കറ്റ് പാലക്കാട്ടെ തങ്ങളുടെ സഹോദരസ്ഥാപനത്തിലേക്ക് കൊണ്ടുപോയി എന്ന് അറിയിക്കുകയായിരുന്നു. ഇതോടെ എല്ലാവരും പാലക്കാട്ടായിരിക്കും ഭാഗ്യവാന്‍ എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷയേയും അസ്ഥാനത്താക്കി ടിക്കറ്റ് തമിഴ്‌നാട്ടില്ഡ നിന്നുള്ള നാല് പേരാണ് വാങ്ങിയത് എന്ന വിവരം പുറത്തായി.

ഈ സാഹചര്യത്തിലാണ് സമ്മാനര്‍ഹമായ ടിക്കറ്റുമായി ബന്ധപ്പെട്ട് തര്‍ക്കം ഉയര്‍ന്നത്. കേരളത്തിന് പുറത്ത് നിന്ന് സമ്മാനം കിട്ടുന്ന സംഭവങ്ങളില്‍ ലോട്ടറി ഡയറക്ടറുടെ നേതൃത്വത്തില്‍ അഞ്ചംഗ സ്ഥിരം സമിതി അന്വേഷണം നടത്താറുണ്ട്. ഈ സമിതിയാണ് ഇതും അന്വേഷിക്കുന്നത്. സമ്മാനാര്‍ഹര്‍ കേരളത്തില്‍ വന്നുപോയതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ഈ സമിതി പരിശോധിച്ച ശേഷമേ സമ്മാനം നല്‍കൂ.

ഏതെങ്കിലും തരത്തില്‍ ക്രമക്കേട് ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ലോട്ടറി വകുപ്പ് തന്നെ ആദായ നികുതി വകുപ്പില്‍ വിവരം അറിയിക്കുകയും ഈ സമ്മാനം നിഷേധിക്കുകയും ചെയ്യും. അതിനാല്‍ ഇത്തവണത്തെ ബംബര്‍ സര്‍ക്കാരിന് തന്നെ അടിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം ടിക്കറ്റ് വാങ്ങിയത് കരിഞ്ചന്തയില്‍ നിന്നാണെന്ന പരാതി വസ്തുതാ വിരുദ്ധമാണെന്നാണ് വിജയികളിലൊരാളായ പാണ്ഡ്യരാജ് പറഞ്ഞത്.

നാല് പേര്‍ ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത് എന്നും ആവശ്യമെങ്കില്‍ വാളയാര്‍ ലോട്ടറി കടയിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും പാണ്ഡ്യരാജ് വ്യക്തമാക്കി. രാമസ്വാമി, നടരാജന്‍, കുപ്പുസ്വാമി എന്നിവര്‍ക്കൊപ്പമാണ് പാണ്ഡ്യരാജ് വാളയാറില്‍ നിന്ന് ലോട്ടറി ടിക്കറ്റെടുത്തത്.