Breaking
18 Sep 2024, Wed

കുത്തിവെപ്പ് മാറിനല്‍കി: യു.പിയില്‍ 17-കാരി മരിച്ചു; മൃതദേഹം ബൈക്കിൽ ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍ മുങ്ങി

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ കുത്തിവെപ്പ് മാറിനല്‍കിയതിനേത്തുടർന്ന് പെണ്‍കുട്ടി മരിച്ചു. ഭാരതി (17) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ മൃതദേഹം ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍ കടന്നുകളഞ്ഞതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ബൈക്കില്‍ നിശ്ചലയായി കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Video കാണാൻ :

https://youtube.com/shorts/R_7zHhDKphs?si=VleIyVL4NYIZCyQy

പനി ബാധിച്ച ഭാരതി ചൊവ്വാഴ്ചയാണ് മെയിന്‍പുരിയിലെ ഗീറോര്‍ മേഖലയിലെ കര്‍ഹാര്‍ റോഡിലുള്ള രാധാ സ്വാമി ആശുപത്രിയില്‍ ചികിത്സ തേടിയത്. ബുധനാഴ്ചവരെ ഭാരതിക്ക് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ കുത്തിവെപ്പെടുത്തതിന് ശേഷമാണ് ആരോഗ്യസ്ഥിതി മോശമായതെന്നും പെണ്‍കുട്ടിയുടെ ബന്ധുവായ മനീഷ പറഞ്ഞു. ആരോഗ്യസ്ഥിതി വീണ്ടും മോശമായതോടെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെടുംമുമ്പ് തന്നെ ഭാരതി മരിച്ചിരുന്നുവെന്നും ബന്ധു ആരോപിച്ചു.

ആശുപത്രിക്ക് പുറത്തുള്ള ബൈക്കിൽ പെൺകുട്ടിയുടെ മൃതദേഹം

ഭാരതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള സൗകര്യങ്ങള്‍ ഒരുക്കാതെ ആശുപത്രി ജീവനക്കാര്‍ കടന്നുകളയുകയായിരുന്നുവെന്നും തങ്ങള്‍ക്ക് നീതി വേണമെന്നും ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ ആശുപത്രി പൂട്ടാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിട്ടു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗി മാത്രമാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഇവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ആശുപത്രി സീല്‍ ചെയ്തു. ആശുപത്രി ഓപ്പറേറ്റര്‍ ഡോക്ടര്‍ അല്ലെന്ന് കണ്ടെത്തിയതിനാല്‍ അദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ യുപി മുഖ്യമന്ത്രിയുടെ ഓഫീസും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *