ഏഴുമാസമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ എൽ.ഇ.ഡി. ബൾബ്

കൊച്ചി: ഏഴുമാസമുള്ള കുട്ടിയുടെ ശ്വാസകോശത്തിൽനിന്ന് എൽ.ഇ.ഡി. ബൾബ് നീക്കം ചെയ്തു. കൊച്ചി അമൃത ആശുപത്രിയിൽ ബ്രോങ്കോസ്കോപിക് മാർഗത്തിലൂടെയാണ് ബൾബ് പുറത്തെടുത്തത്. കോട്ടയം സ്വദേശിയായ കുഞ്ഞിന്‌ ശ്വാസംമുട്ടലും കഫക്കെട്ടും ബാധിച്ചപ്പോഴാണ് അടുത്തുള്ള ആശുപത്രിയിൽ കാണിച്ചത്. ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും കുറഞ്ഞില്ല. എക്സ്‌റേ എടുത്തപ്പോൾ ശ്വാസകോശത്തിൽ നേർത്ത കമ്പികൾ പോലെയെന്തോ കണ്ടെത്തി. തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി അമൃതയിലേക്ക് അയയ്ക്കുകയായിരുന്നു.

അമൃതയിൽ ചീഫ് ഇന്റർവെൻഷണൽ പൾമണോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ ചുറ്റും രക്തം കട്ടപിടിച്ച നിലയിൽ നേർത്ത കമ്പികൾ കണ്ടു. പുറത്തെടുത്തപ്പോഴാണ് എൽ.ഇ.ഡി. ബൾബ് ആയിരുന്നുവെന്ന് വ്യക്തമായത്. ശ്വാസകോശത്തിന്റെ വലതുഭാഗത്ത് താഴെയായിരുന്നതിനാൽ പുറത്തെടുക്കാൻ അല്പം പ്രയാസപ്പെടേണ്ടിവന്നു.

കുട്ടിയുടെ ഉള്ളിൽ എങ്ങനെയാണ് ഇത് എത്തിയതെന്ന് മാതാപിതാക്കൾക്കറിയില്ല. ഈ പ്രായത്തിലുള്ള കുട്ടികൾ ഇതുപോലുള്ള വസ്തുക്കൾ വിഴുങ്ങുന്നത് അത്യപൂർവമാണെന്നും ഒരുവയസ്സിൽ താഴെയുള്ള കുട്ടിയിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊന്ന് കാണുന്നതെന്നും ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. പറഞ്ഞു. കുട്ടി ആരോഗ്യം വീണ്ടെടുത്ത് വരുന്നു.