കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കണ്ണനെ വേദിയിലിരുത്തി എളമരം കരീമിന്റെ വിമര്‍ശനം; ഏത് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണെന്ന് നോക്കിയല്ല നടപടി എടുക്കേണ്ടത്

തൃശൂർ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എം കെ കണ്ണനെ വേദിയിലിരുത്തി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന്റെ വിമര്‍ശനം. ഏത് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണെന്ന് നോക്കിയിട്ടല്ല നടപടി എടുക്കേണ്ടത്. ചട്ടവിരുദ്ധമായി ആരു പ്രവര്‍ത്തിച്ചാലും അവര്‍ ശിക്ഷിക്കപ്പെടണം. ധനകാര്യ ഇടപാടുകള്‍ നടത്തുന്ന സ്ഥലത്ത് കുറ്റകൃത്യം ചെയ്താല്‍ നടപടിയെടുക്കണമെന്നും അതിന് ആര്‍ക്കാണ് തര്‍ക്കമുള്ളതെന്നും എളമരം കരീം ചോദിച്ചു. കുറ്റവാളികളെ ആരും സംരക്ഷിക്കില്ല. ഇഡി വരുന്നതിനു ഒരു വര്‍ഷം മുന്‍പേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു. തൃശൂര്‍ നടത്തറയില്‍ നടന്ന കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ പൊതുയോഗത്തിലായിരുന്നു പ്രതികരണം.

സഹകരണപ്രസ്ഥാനങ്ങളെ തകർക്കാനാണ് ഇഡി ശ്രമിക്കുന്നത് എന്നും കേരളത്തിൽ സി പി ഐഎമ്മിനെ തകർക്കാൻ കെട്ടുകഥ ഉണ്ടാക്കുന്നുവെന്നും അടിയന്തരാവസ്ഥയെ അതിജീവിച്ച പാർട്ടിയാണിതെന്നും എം കെ കണ്ണൻ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.