വിട്ടുകൊടുക്കാതെ ഗവർണറും: മന്ത്രിമാരല്ല, മുഖ്യമന്ത്രി നേരിട്ടെത്തി കാര്യങ്ങള്‍ അറിയിക്കണം: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി സർക്കാർ കാര്യങ്ങൾ രാജ്ഭവനെ അറിയിക്കുന്നില്ല. രാജ്ഭവനിലേക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരും വന്നിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി നേരിട്ട് എത്തണമെന്നും ഗവർണർ പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. നിയമപരമല്ലാതെ എന്തെങ്കിലും നടന്നാൽ പുറത്ത് വരണം. സർക്കാർ പ്രവർത്തിക്കുന്നത് പാർട്ടി പറയും പോലെയാണ്. ഒരാൾക്കും പ്രത്യേക അനുകമ്പ ഉണ്ടാകരുതെന്നാണ് പ്രതിജ്ഞ ചെയ്യുന്നത്, അത് ലംഘിക്കുകയാണെന്നും ഗവർണർ തുറന്നടിച്ചു. ‘വി സിമാരെ നിയമിക്കുന്നതിനുള്ള ബിൽ നിയമപരമല്ല. എന്താണ് അതിൽ ന്യായമുള്ളത്. നിയമോപദേശത്തിനായി സർക്കാർ 40 ലക്ഷം ചെലവാക്കുന്നു. എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നത്’, ഗവർണർ ചോദിച്ചു.

ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നതാണ് നിയമസഭ. സഭ പാസാക്കുന്ന ബില്ല് ഒപ്പിടാത്തത് ജനാധിപത്യത്തിന്റെ അന്തഃസത്തക്ക് നിരക്കാത്തതാണ്. ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതിരിക്കുന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.