കരുവന്നൂർ കള്ളപ്പണ ഇടപാട്: സിപിഎം നേതാവ് എം.കെ കണ്ണൻ സ്വത്ത് വിവരം ഹാജരാക്കണം, ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂർ കള്ളപ്പണയിടപാടുമായി ബന്ധപ്പെട്ട് കൂടുതൽ കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രറേറ്റ്. സിപിഎം നേതാവും തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. വ്യാഴാഴ്ചയ്ക്കുള്ളിൽ കുടുംബത്തിന്റെയടക്കം സ്വത്ത് വിവരം ഹാജരാക്കാനാണ് ഇഡി നിർദ്ദേശം.

എം.കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ -ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞ ദിവസം നടത്തിയ റെയിഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാൻ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി. പിന്നാലെയാണ് സ്വത്ത് വിവരം ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.