ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപിടിച്ചത് ആദിവാസി ഊരിലെ കുരുന്നുകൾ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് ടീം ഗ്രൗണ്ടിലിറങ്ങിയത് ആദിവാസി ഊരിലെ കുരുന്നുകളുടെ കൈപിടിച്ചായിരുന്നു.

മലമ്പുഴ ആശ്രമം സ്കൂളിലെ കുരുന്നുകളാണ് കൊച്ചിയിലെത്തി മഞ്ഞപ്പടയുടെ താരങ്ങളെ ഗ്രൗണ്ടിലേക്ക് നയിച്ചത്. അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്, മണ്ണാർക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളിൽ നിന്നായിരുന്നു കുഞ്ഞുതാരങ്ങളുടെ വരവ്.

പട്ടിക ജാതി, പട്ടികവർഗ മന്ത്രി കെ രാധാകൃഷ്ണൻ മത്സരവേദിയിൽ മുഖ്യാതിഥിയായി. വെള്ളിയാഴ്ച കൊച്ചിയിൽ എത്തിയ വിദ്യാർത്ഥികൾ മെട്രോ യാത്രയും നഗരകാഴ്ചകളും വിവിധ രുചികളും കൊച്ചി നഗരത്തിൽ ആസ്വദിച്ചു. സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരുമാണ് ആറുവയസിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള ഇരുപത്തിരണ്ട് പട്ടിക വർഗ വിദ്യാർത്ഥികൾക്കൊപ്പം എത്തിയത്. 

ആരാലും ശ്രദ്ധിക്കപെടാത്ത കേരളത്തിലെ പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികളെ ചേർത്തുപിടിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സെന്ന് പട്ടിക വികസന വകുപ്പിന്റെയും എറണാകുളം ജില്ലയുടെയും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പറഞ്ഞു. ഏഷ്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് പോലുള്ള ക്ലബ്ബിന്റെ താരങ്ങൾക്കൊപ്പം ഞങ്ങളുടെ കുട്ടികൾ കൈപിടിച്ച് നടന്നത് സ്വപ്നതുല്യമായ നേട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളാ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ജംഷഡ്പൂർ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. 74-ാം മിനിറ്റിൽ നായകൻ അഡ്രിയാൻ ലൂണയുടേതാണ് വിജയഗോൾ. രണ്ട് മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി. ഒരു ഗോളിന്റെ വ്യത്യാസത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.