‘ജനസംഖ്യ ഉയരുന്തോറും അവകാശങ്ങൾ വർധിക്കും’; ജാതി സെൻസസ് പ്രാധാന്യമുള്ളതെന്നും രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ ജാതി സ്ഥിതിവിവര കണക്കുകൾ അറിയേണ്ടത് പ്രധാനമുള്ളതാണെന്ന് രാഹുൽ പറഞ്ഞു. ബിഹാറിൽ നടത്തിയ ജാതി സെന്‍സസിന്‍റെ കണക്കുകൾ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് രാഹുൽ പ്രതികരിച്ചത്.

ജനസംഖ്യ ഉയരുന്തോറും അവകാശങ്ങൾ വർധിക്കും. ഇതാണ് തങ്ങളുടെ പ്രതിജ്ഞയെന്നും രാഹുൽ എക്സിലൂടെ ചൂണ്ടിക്കാട്ടി. ബിഹാറിലെ ജാതി സെൻസസ് പ്രകാരം ഒ.ബി.സി, പട്ടിക ജാതി, പട്ടിക വർഗം എന്നീ വിഭാഗങ്ങൾ കൂടി 84 ശതമാനം വരും. കേന്ദ്ര സർക്കാറിലെ 90 സെക്രട്ടറിമാരിൽ മൂന്നു പേർ മാത്രമാണ് ഒ.ബി.സി വിഭാഗക്കാർ. ഇന്ത്യയുടെ ബജറ്റിന്‍റെ അഞ്ച് ശതമാനം കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.