‘തലൈവർ 170’ൽ രജനികാന്തിനൊപ്പം മഞ്‌ജു വാര്യർ; പോസ്റ്റർ

ചെന്നൈ: രജനികാന്തിന്റെ ‘തലൈവർ 170’യിൽ മലയാളത്തിന്റെ മഞ്ജു വാര്യർ. താരത്തിനെ സ്വാഗതം ചെയ്യുന്നതായി നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം രജനികാന്തിന്റെ 170-ാം ചിത്രമാണ്. മുൻപ് സിനിമയിലെ മറ്റ് താരങ്ങളായ ദുഷാര വിജയൻ, റിതിക സിങ് എന്നിവരെ ലൈക്ക പരിചയപ്പെടുത്തിയിരുന്നു.

ചിത്രത്തിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, നാനി തുടങ്ങിയവർ അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. ഇവരുടെ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. രജനികാന്തും സംഘവും തലൈവർ 170യുടെ ചിത്രീകരണത്തിനായി ചൊവ്വാഴ്ച മുതൽ കേരളത്തിലുണ്ടാകും . ഒക്ടോബർ മൂന്ന് മുതൽ പത്ത് ദിവസമാണ് തിരുവനന്തപുരത്തെ ചിത്രീകരണം.

രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനമാകും ഏർപ്പെടുത്തുക. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളും സിനിമയുടെ ലൊക്കേഷനാണ്.