‘മാഷേ അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്നത്’; മുഖ്യമന്ത്രിയുടെ വിദേശ യാത്ര മുടങ്ങാതിരിക്കാൻ പാർട്ടി കൊണ്ടുപോയില്ല; പാർട്ടിയെ വെട്ടിലാക്കി കോടിയേരിയുടെ കുടുംബം

കോടിയേരിയുടെ മൃതദേഹം AKG സെന്ററിൽ വയ്കാതെ നേരെ കണ്ണൂർക്ക് കൊണ്ടുപോയത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൂടി സമ്മതപ്രകാരമാണെന്നാണ് അന്ന് എം വി ഗോവിന്ദൻ അടക്കമുള്ള സി പി എം നേതാക്കൾ പറഞ്ഞത്. എന്നാൽ പാർട്ടിയുടെ ഈ അവകാശവാദത്തെ പാടെ നിരാകരിക്കുകയാണ് വിനോദിനിയുടെ വെളിപ്പെടുത്തൽ

കണ്ണൂർ : കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന് മക്കളായ ബിനോയിയും ബിനീഷും ആവശ്യപ്പെട്ടിട്ടും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അത് ചെവിക്കൊണ്ടില്ലന്ന കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ വെളിപ്പെടുത്തലിനെതിരെ സി പി എമ്മിന് കടുത്ത അസംതൃപ്തി. ഒരു നേതാവ് പോലും ഇതിനെക്കുറിച്ച് പ്രതികരിച്ചു പോകരുതെന്ന കർശന നിർദേശമാണ് പിണറായിയും എം വി ഗോവിന്ദനും നേതാക്കൾക്ക് നൽകിയിരിക്കുന്നത്.

വിനോദിനിയുടെ ഈ വെളിപ്പെടുത്തൽ അസ്ഥാനത്തായി പോയി എന്നാണ് സി പി എം നേതൃത്വം കരുതുന്നത്. മുഖ്യമന്ത്രിയെ ഉന്നം വച്ചുകൊണ്ടാണ് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തൽ വിനോദിനി ഇക്കാര്യം പറഞ്ഞതെന്നും പാർട്ടി കരുതുന്നു. രണ്ട് തവണ സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന, സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന മരിക്കുമ്പോഴും പൊളിറ്റ് ബ്യുറോ അംഗമായിരുന്ന ഒരാളുടെ മൃതദേഹം പാർട്ടി ആസ്ഥാനമായ എ കെ ജെ സെന്ററിൽ വക്കാതെ നേരെ കണ്ണൂർക്ക് കൊണ്ടുപോയത് പിണറായി വിജയന്റെയും കുടുംബത്തിന്റെയും വിദേശയാത്ര മുടങ്ങാതിരിക്കാനാണെന്ന ആരോപണം അന്ന് തന്നെ ഉയർന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്ന തരത്തിലാണ് വിനോദനിയുടെ വെളിപ്പെടുത്തലുണ്ടായതെന്നാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്.

കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് വയ്കാതെ നേരെ കണ്ണൂർക്ക് കൊണ്ടുപോയത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൂടി സമ്മതപ്രകാരമാണെന്നാണ് അന്ന് എം വി ഗോവിന്ദൻ അടക്കമുള്ള സി പി എം നേതാക്കൾ പറഞ്ഞത്. എന്നാൽ പാർട്ടിയുടെ ഈ അവകാശവാദത്തെ പാടെ നിരാകരിക്കുകയാണ് വിനോദിനിയുടെ വെളിപ്പെടുത്തൽ . ഇതാണ് സി പി എമ്മിനെ പ്രതിരോധത്തിലാക്കുന്നത്.

അഭിമുഖത്തിൽ വിനോദിനി ബാലകൃഷ്ണൻ ഈ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങിനെയാണ് ‘എനിക്കും ഉണ്ടല്ലോ, ആ വിഷമം. ആരോടു പറയാൻ കഴിയും? അന്ന് ഞാൻ ഓർമയും ബോധവും നഷ്ടപ്പെട്ട നിലയിലാണ്. ബിനോയിയും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ. മാഷേ അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്നു പറഞ്ഞു. അപ്പോൾ, അതല്ല, എന്തു തിരിച്ചു പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. എന്തായാലും തിരുവനന്തപുരത്തുകൊണ്ടുപോയില്ല. നടന്നില്ല, ഇനി സാരമില്ല, അതു കഴിഞ്ഞു. അതിന്റെ പേരിൽ പുതിയ വിവാദം വേണ്ട’- വിനോദിനി പറഞ്ഞു.

ഈ വാക്കുകളാണ് സി പി എമ്മിനെ ഇപ്പോൾ പിടിച്ചുകുലുക്കിയിരിക്കുന്നത്. കോടിയേരിയുടെ കുടുംബം അപേക്ഷിച്ചിട്ടും അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരാനോ എ കെ ജി സെന്ററിൽ പൊതു ദർശനത്തിന് വക്കാനോ പാർട്ടി തെയ്യാറായില്ലന്ന വിനോദിനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ അക്ഷരാർത്ഥത്തിൽ സി പിഎമ്മിന്റ ഉത്തരം മുട്ടിച്ചിരിക്കുകയാണ്. പിണറായിയുടെ വിദേശയാത്ര നീണ്ടുപോകാതിരിക്കാൻ തിടുക്കത്തിൽ കോടിയേരിയുടെ സംസ്കാരം കണ്ണൂരിൽ നടത്തുകയായിരുന്നുവെന്നാണ് അന്നുയർന്ന ആരോപണം.