മലപ്പുറം: സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേരില്‍ കുടുംബം ആരംഭിച്ച സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം പത്മശ്രീ എം.എ യൂസഫലിക്ക്. ജീവകാരുണ്യ, തൊഴില്‍ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രഥമ പുരസ്‌കാരം എം.എ യൂസഫലിക്ക് നല്‍കുന്നതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ച് കൊണ്ട് ജൂറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സ്വദേശത്തും വിദേശത്തും അദ്ദേഹം നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനോടൊപ്പം പാവപ്പെട്ടവരെ ചേര്‍ത്തുപിടിക്കുന്നു. അറബ് നാടുകളിലടക്കം മലയാളികളുടെ രക്ഷിതാവായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. കേരള പൊതുസമൂഹത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരത്തിന് എന്തുകൊണ്ടും അര്‍ഹനാണ് എം.എ യൂസഫലിയെന്നും നവംബര്‍ 12ന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറുമെന്നും തങ്ങള്‍ പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിലടക്കം പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബത്തിന്റെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.എം.കെ മുനീര്‍ പറഞ്ഞു. പിതാവിന്റെ പേരില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ വിവിധ ഭാഗങ്ങളിലായി നല്ല രീതിയില്‍ നടന്നുവരുന്നു. പാവപ്പെട്ടവര്‍ക്കെല്ലാം വലിയ ആശ്വാസമാകുന്ന സി.എച്ച് സെന്ററുകള്‍ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇവയുടെ കൂടെ തന്നെ സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷനും പ്രവര്‍ത്തിക്കും. ഏകാംഗ ജൂറിയായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കുമെന്നും എം കെ മുനീർ പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വ്യത്യസ്ഥമായി വിവിധ പദ്ധതികള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുമെന്ന് ചെയര്‍മാന്‍ ഡോ.മുഹമ്മദ് മുഫ്‌ലിഹ് പറഞ്ഞു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുരസ്‌കാര ചടങ്ങില്‍ പ്രഖ്യാപിക്കും. കേരളത്തിലേയും വിദേശത്തേയും നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. സമൂഹത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ആശ്വാസമാകുകയെന്നതാണ് ഫൗണ്ടേഷന്റെ പ്രഥമ ലക്ഷ്യം. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലേക്കാണ് ഫൗണ്ടേഷന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ക്രിയാത്മകമായി പുതിയ കാലത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഫൗണ്ടേഷന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.