ന്യൂസ് ക്ലിക്ക് റെയ്ഡ് ചെയ്ത് എഡിറ്ററെ കസ്റ്റഡിയിലെടുത്തു; സ്ഥാപനത്തിനെതിരെ യു.എ.പി.എ ചുമത്തി

ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് മാധ്യമസ്ഥാപനത്തിന്റെ എഡിറ്ററായ പ്രഭീര്‍ പുര്‍കായസ്ഥയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ കസ്റ്റഡിയിലെടുത്തു. ഓഫീസില്‍ നടന്ന 9 മണിക്കൂര്‍ നീണ്ട റെയ്ഡ് അവസാനിച്ചതിന് പിന്നാലെയാണ് നടപടി.

ഓഫീസിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. സ്ഥാപനത്തിനെതിരേ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

തീവ്രവാദ പ്രവര്‍ത്തനള്‍ക്ക് സഹായം ചെയ്തെന്ന് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളരുടെ വസതിയില്‍ ഇന്ന് രാവിലെ മുതല്‍ ഡല്‍ഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡി.രഘുനന്ദന്‍, സ്റ്റാന്റപ്പ് കൊമേഡിയനായ സഞ്ജയ് രജൗരി എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.

ചൈനയില്‍നിന്ന് ഫണ്ട് ലഭിക്കുന്നതായി ആരോപിച്ച് നേരത്തേ ന്യൂസ് ക്ലിക്കിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്നാണ് വിശദീകരണം.

ഇവിടെനിന്ന് ലഭിക്കുന്ന ഫണ്ടുപയോഗിച്ച് ചൈനയെ പ്രകീര്‍ത്തിക്കുന്ന ലേഖനങ്ങള്‍ എഴുതുന്നുവെന്നും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് ആരോപണം.