മതവിരുദ്ധമായ പ്രസ്ഥാനമായി സിപിഎം മാറി; സുർജിത്തിന്റെ തട്ടം ഒഴിവാക്കാൻ കഴിയാത്തവരാണവർ; സമസ്തക്കും വിമർശനവുമായി PMA സലാം; അനിൽകുമാറിനെ തള്ളി ഗോവിന്ദൻ

തട്ടമിട്ട പെൺകുട്ടികൾ അത്ഭുതം സൃഷ്ടിക്കുകയാണെന്ന് പി.എം.എ സലാം. മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയതെന്ന് അറിയില്ല. പുതിയ തലമുറയിലെ പെൺകുട്ടികൾ പോലും തട്ടമിടുന്നുണ്ട്.

മലപ്പുറം: മാർക്സിസ്റ്റുകാർ വിശ്വാസത്തിൽ കടന്നു കയറുന്നുവെന്ന് മുസ്ലീം ലീഗ്. മതവിരുദ്ധമായ പ്രസ്ഥാനമായി സിപിഐഎം മാറുന്നുവെന്നും, സിപിഎമ്മിന്റെ ഉള്ളിലിരിപ്പ് പുറത്ത് വന്നുവെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു.

തട്ടമിട്ട പെൺകുട്ടികൾ അത്ഭുതം സൃഷ്ടിക്കുകയാണെന്ന് പി.എം.എ സലാം പറഞ്ഞു. തട്ടം ഭദ്രമായി നിലനിർത്തി കൊണ്ടു തന്നെ ജീവിത മാർഗത്തിൽ സംസ്ഥാനത്തെയും രാജ്യത്തെയും നയിക്കാനുള്ള വലിയ പങ്ക് അവർ നിർവഹിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിലർ അവരുടേതായ നയങ്ങൾ പ്രഖ്യാപിക്കുന്നതെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി.

ഹർകിഷൻ സിംഗ് സുർജിത്തിന്റെ തട്ടം ഒഴിവാക്കാൻ കഴിയാത്തവരാണ് മലപ്പുറത്തെ പെണ്കുട്ടികളുടെ തട്ടം ഒഴിവാക്കാൻ ശ്രമിക്കുന്നത്. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ പരോക്ഷമായും പിഎംഎ സലാം വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഫോൺ കോൾ വന്നാൽ എല്ലാമായി എന്നു കരുതുന്നവർ തട്ടം വിവാദത്തിൽ പ്രതികരിയ്ക്കണമെന്നും സലാം മലപ്പുറത്ത് പറഞ്ഞു.

മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികളുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്നാണ് സി.പി.എം സംസ്ഥാന സമിതിയംഗം കെ. അനിൽകുമാറിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയതെന്ന് അറിയില്ല. പുതിയ തലമുറയിലെ പെൺകുട്ടികൾ പോലും തട്ടമിടുന്നുണ്ട്. വിശ്വാസങ്ങളുടെ മേൽ സി.പി.എം കടന്നു കയറുകയാണ്. വഖഫ്, ശബരിമല വിഷയങ്ങൾ ഇതിന് ഉദാഹരണമാണെന്നും സലാം ചൂണ്ടിക്കാട്ടി.

Video :

https://youtu.be/HGUuigBn6is?si=gQlmajjVH9uacO76

മുസ് ലിം പെൺകുട്ടികളുടെ തലയിൽ നിന്ന് തട്ടം ഒഴിവാക്കുന്ന പ്രവർത്തനമാണ് ഇതുവരെ നടത്തിയതെന്ന് പരസ്യമായി പറഞ്ഞിട്ടും സി.പി.എമ്മിലെ ഒരു നേതാവ് പോലും പ്രതികരിക്കാത്തത് ഗൗരവതരമാണ്. ഇക്കാലമത്രയും പ്രവർത്തിച്ചത് പട്ടിണി മാറ്റാനോ, ഭൂമി നൽകാനോ, വീട് നൽകാനോ അല്ലെന്ന് സി.പി.എം സമ്മതിക്കുകയാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ അധപതനമാണിത്. മാന്യതയുണ്ടെങ്കിൽ നിലപാട് വ്യക്തമാക്കാൻ സി.പി.എമ്മിലെ ഉത്തരവാദപ്പെട്ടവർ തയാറാകണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.


അതിനിടെ , ഹിജാബ് വിവാദത്തിൽ അനിൽ കുമാറിനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികൾ തട്ടം തലയിലിടാൻ വന്നാൽ വേണ്ടായെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവോടെയാണെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാറിന്റെ അവകാശവാദം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തള്ളി. പരാമർശം അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദൻ, വസ്ത്രധാരണം വ്യക്തിയുടെ ജനാധിപത്യ അവകാശമാണെന്നും അതിലേക്ക് കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വസ്ത്ര ധാരണം ഓരോ വ്യക്തിയുടെ ജനാധിപത്യ അവകാശത്തിൻ്റെ ഭാഗമാണ്. അതിൽ ആരും അതിൽ കടന്നു കയറേണ്ട. ഭരണഘടന ഉറപ്പ് നൽകുന്ന കാര്യമാണ് വസ്ത്രധാരണ സ്വാതന്ത്ര്യം. ഹിജാബ് പ്രശ്നം ഉയർന്ന് വന്നപ്പോൾ പാർട്ടി നിലപാട് വ്യക്തമാക്കിട്ടുണ്ട്. അനിൽ കുമാറിൻ്റെ പരാമർശം പാർട്ടി നിലപാടിന് വിരുദ്ധമാണ്. ആര് പ്രസ്താവനയിൽ ഉറച്ച് നിന്നാലും ഇതാണ് പാർട്ടി നിലപാടെന്ന് എം വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിലായിരുന്നു സി.പി.എം സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനിൽ കുമാറിന്റെ തുറന്നുപറച്ചിൽ. മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികളുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്നാണ് കെ. അനിൽകുമാർ പറഞ്ഞു. മുസ് ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അദ്ദേഹം വ്യക്തമാക്കി.