ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിച്ചു, യെച്ചൂരിയുടെ വസതിയില്‍ പൊലീസ് റെയ്ഡ്; ശതകോടീശ്വരനുമായുള്ള പ്രകാശ് കാരാട്ടിന്റെ ഇ മെയിൽ – ED പരിശോധിക്കുന്നു; ചൈനീസ് അനുകൂല വാർത്തകൾക്ക് പണം നൽകിയെന്ന ആരോപണം

ചൈനീസ് അനുകൂല പ്രചാരണത്തിനായി ‘ന്യൂസ് ക്ലിക്ക്’ എന്ന ഓൺലൈൻ മാധ്യമത്തിന് സിംഘം പണം നൽകിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണമാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവിലേക്കും നീളുന്നത്

ന്യൂഡൽഹി : വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ ദില്ലിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സർക്കാർ നൽകിയ വസതിയിലും റെയ്ഡ്. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്. യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന.

അതേസമയം അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇ മെയിൽ വഴി നടത്തിയ ആശയവിനിമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധിക്കുന്നു. ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമം നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് സിംഘം. ചൈനീസ് അനുകൂല പ്രചാരണത്തിനായി ‘ന്യൂസ് ക്ലിക്ക്’ എന്ന ഓൺലൈൻ മാധ്യമത്തിന് സിംഘം പണം നൽകിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണമാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവിലേക്കും നീളുന്നത്.

ചൈനയിൽ നിന്നുള്ള നിക്ഷേപത്തിനും ഇറക്കുമതിക്കും കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന് 2021 ജനുവരിയിൽ അയച്ച ഇ മെയിലിൽ കാരാട്ട് അഭിപ്രായപ്പെട്ടതായി ഇ ഡി വൃത്തങ്ങൾ പറഞ്ഞു. കാരാട്ടും സിംഘവും തമ്മിൽ ഇ മെയിലിൽ ആശയവിനിമയം നടത്തിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ബിജെപി എം പി നിഷികാന്ത് ദൂബെ കഴിഞ്ഞ ദിവസം ലോക്സഭയിൽ പറഞ്ഞിരുന്നു. ബിജെപിയുടെ വർഗീയ അജണ്ടയെ നിരന്തരം നേരിടുന്ന ഇടതുപക്ഷത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണു കേന്ദ്രം നടത്തുന്നതെന്നായിരുന്നു സിപിഎം ഈ ആരോപണങ്ങളോട് പ്രതികരിച്ചത്.

സുഹൃത്തിന്റെ മകനായ ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടൽ ജീവനക്കാരനെ അന്വേഷിച്ചാണ് പോലീസ് തന്റെ ഫ്ലാറ്റിൽ വന്നതെന്ന് യച്ചൂരി പറഞ്ഞു.

യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് സൈറ്റുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ജീവനക്കാരുടേയും വീടുകളിലാണ് ദില്ലി പൊലീസിന്റെ റെയ്ഡ് പുരോഗമിക്കുന്നത്. നേരത്തെ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകുന്നതെന്ന ആരോപണം ശക്തമായതിന് പിന്നാലെ ഓൺലൈൻ വാർത്താമാധ്യമമായ ന്യൂസ് ക്ലിക്കിന്‍റെ X ഹാൻഡിൽ സസ്പെൻഡ് ചെയ്തിരുന്നു. സൈറ്റിനെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഹൈകോടതി മുൻ ജഡ്ജിയടക്കം നൂറോളം പൗരപ്രമുഖർ കത്തെഴുതിയിരുന്നു. പരിശോധനയില്‍ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുത്തു. മൂന്ന് വര്‍ഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയതായാണ് ന്യൂസ് ക്ലിക്കിനെതിരെ ഇഡി അന്വേഷണത്തില്‍ മനസ്സിലായത്.

ന്യൂസ് ക്ലിക്ക് വെബ്സൈറ്റില്‍ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവിൽ റോയ് സിംഗ നിക്ഷേപം നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. ചൈനീസ് അജണ്ടകള്‍ വെബ്സൈറ്റിലൂടെ നടപ്പാക്കിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോ‍ർട്ട് അടിസ്ഥാനമാക്കി ബിജെപി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ അസത്യം പ്രചരിപ്പിക്കുന്നതില്‍ വിദേശ ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടാവുന്നതായി വിശദമാക്കുന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യയില്‍ വ്യാജവാ‍ർത്തകള്‍ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു.

ദില്ലി പൊലീസ് രാവിലെ നടത്തിയ വ്യാപക റെയ്ഡില്‍ മാധ്യമപ്രവർത്തകരുടെ വീടുകളിൽ നിന്ന് മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തിരുന്നു. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായാണ് പൊലീസ് വ്യക്തമാക്കിയത്. റെയ്ഡില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല . ദില്ലിയിലെ റെയ്ഡിനോട് അനുബന്ധ റെയ്ഡ് ടീസ്ത സെതൽവാദിന്റെ മുംബൈയിലെ വസതിയിലും നടന്നു. ദില്ലി പോലീസ് ടീസ്തയെ ചോദ്യം ചെയ്തു.

ഡല്‍ഹി പൊലീസ് നടപടിയില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആശങ്ക അറിയിച്ചു. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ അറിയിച്ചു. റെയ്ഡിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫ് ഇന്ത്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.