സെക്രട്ടേറിയറ്റില്‍ ഒരുമാസം എ.സി വാങ്ങാന്‍ 14.58 ലക്ഷം രൂപ; എല്ലാമാസവും എ.സി വാങ്ങണമെന്ന് ഉറപ്പിച്ച് സര്‍ക്കാര്‍

ഓരോ മാസവും 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ സെക്രട്ടേറിയേറ്റില്‍ എ.സി വാങ്ങാന്‍ ചെലവഴിക്കുമെന്ന് പൊതുഭരണ വകുപ്പിലെ ഉത്തരവുകളില്‍ നിന്ന് വ്യക്തം. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പണം കൊടുത്തില്ലേലും എ.സി വാങ്ങാന്‍ ധന മന്ത്രി ബാലഗോപാല്‍ പണം ഉടന്‍ അനുവദിക്കും.

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ സാധാരണക്കാര്‍ക്കുള്ള ഫണ്ടുകള്‍ യഥാസമയം പാസായില്ലെങ്കിലും മാസംതോറും കൃത്യമായി എയര്‍ കണ്ടീഷന്‍ വാങ്ങുന്നത് ഉറപ്പിച്ച് സര്‍ക്കാരും ഉദ്യോഗസ്ഥരും. കഴിഞ്ഞമാസം മാത്രം 14.58 ലക്ഷം രൂപയുടെ എ.സിയാണ് വാങ്ങിയത്.

എ.സിയുടെ തണുപ്പ് കുറഞ്ഞാല്‍ പുതിയ എ.സി വേണമെന്ന് ശാഠ്യം പിടിക്കുന്നവരാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും. ഓരോ മാസവും 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ സെക്രട്ടേറിയേറ്റില്‍ എ.സി വാങ്ങാന്‍ ചെലവഴിക്കുമെന്ന് പൊതുഭരണ വകുപ്പിലെ ഉത്തരവുകളില്‍ നിന്ന് വ്യക്തം. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പണം കൊടുത്തില്ലേലും എ.സി വാങ്ങാന്‍ ധന മന്ത്രി ബാലഗോപാല്‍ പണം ഉടന്‍ അനുവദിക്കും.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളവും പെന്‍ഷനും മാത്രമാണ് ട്രഷറികളില്‍ നിന്ന് മാറുന്നത്. ബാക്കി എല്ലാ ബില്ലുകളും ട്രഷറി ക്യൂവിലാണ്. ഇതിനിടയിലാണ് മന്ത്രി പി. രാജിവിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും എ.സി വാങ്ങാന്‍ 14.58 ലക്ഷം അനുവദിച്ചത്. സെപ്റ്റംബര്‍ 11 ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. എബ്രഹാം, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി, പൊതുഭരണ ജോയിന്റ് സെക്രട്ടറി, ഐ.റ്റി ഡെപ്യൂട്ടി സെക്രട്ടറി എന്നിവര്‍ക്ക് പുതിയ എ.സി വാങ്ങിക്കാന്‍ 5.52 ലക്ഷം അനുവദിച്ചു.

സെപ്റ്റംബര്‍ 19 ന് നിയമ മന്ത്രി പി. രാജീവിന്റെ ഓഫിസില്‍ എ.സി വാങ്ങാന്‍ 2.63 ലക്ഷവും സെപ്റ്റംബര്‍ 20 ന് കായിക യുവജന കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എ.സി വാങ്ങാന്‍ 1.87 ലക്ഷവും അനുവദിച്ചു. ആഭ്യന്തരവകുപ്പിലെ മറ്റൊരു ജോയിന്റ് സെക്രട്ടറിക്ക് എ.സി വാങ്ങാന്‍ സെപ്റ്റംബര്‍ 29 ന് അനുവദിച്ചത് 1.14 ലക്ഷം.

അതേ ദിവസം 3.42 ലക്ഷം രൂപ ചീഫ് സെക്രട്ടറിയുടെ കമ്മറ്റി റൂമില്‍ പുതിയ എ.സി വാങ്ങാനും മന്ത്രി ബാലഗോപാല്‍ നല്‍കി. ആശ്വാസ കിരണം പോലുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷനുകളെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പണം കൊടുക്കാതെ തടഞ്ഞ് വച്ച ബാലഗോപാലാണ് എ.സി വാങ്ങാന്‍ ലക്ഷങ്ങള്‍ അനുവദിക്കുന്നത് എന്നതാണ് വിരോധാഭാസം.

9 ലക്ഷം പേര്‍ ലൈഫ് മിഷന്‍ വീട് ലഭിക്കാന്‍ ക്യൂ നില്‍ക്കുമ്പോഴാണ് മന്ത്രിമാർക്കും ഉദ്യോഗസ്ഥര്‍ക്കും തണുപ്പ് കുറഞ്ഞാല്‍, അവരെ തണുപ്പിക്കാന്‍ പുതിയ എ.സി വാങ്ങിച്ച് കൂട്ടുന്നത്. 3 ലൈഫ് മിഷന്‍ വീട് വയ്ക്കാന്‍ 12 ലക്ഷം കൊടുത്താല്‍ മതി. മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും തണുക്കാന്‍ സെപ്റ്റംബര്‍ മാസം മാത്രം കൊടുത്ത 14.58 ലക്ഷം വെച്ച് 3 ലൈഫ് മിഷന്‍ വീട് വയ്ക്കാന്‍ സാധിക്കുമെന്നര്‍ത്ഥം.

ഒരു വശത്ത് പുതിയ എ.സിക്ക് വേണ്ടി തണുപ്പ് പോര എന്ന് വിലപിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും. മറുവശത്ത് മഴയത്ത് ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ താമസിക്കുന്ന ലക്ഷങ്ങള്‍. ഇതാണ് പുതിയ നവ കേരള മോഡല്‍.