പിണറായിയും പറഞ്ഞു ‘യുഡിഎഫ് തീരുമാനം ശരിയായിരുന്നു’

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ യുഡിഎഫ് കാലത്തെ കരാർ പുനഃസ്ഥാപിക്കും; റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനം

യുഡിഎഫ് കാലത്തെ 465 മെഗാ വാട്ട് വാട്ടിന്റെ കരാറാണ് പുനഃസ്ഥാപിക്കുന്നത്. സാങ്കേതിക പ്രശ്‍നം ഉന്നയിച്ച് റദ്ദാക്കിയ കരാർ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മൂലമാണ് പുനഃസ്ഥാപിക്കുന്നത്.

തിരുവനന്തപുരം: റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനം. തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ. യുഡിഎഫ് കാലത്തെ 465 മെഗാ വാട്ടിന്റെ കരാറാണ് പുനഃസ്ഥാപിക്കുന്നത്. സാങ്കേതിക പ്രശ്‍നം ഉന്നയിച്ച് റദ്ദാക്കിയ കരാർ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മൂലമാണ് പുനഃസ്ഥാപിക്കുന്നത്. സർക്കാർ റെഗുലേറ്ററി കമ്മീഷനോട് ഇത് സംബന്ധിച്ച് നിർദേശം നല്‍കും.

നടപടിക്രമങ്ങളിലെ വീഴ്ച ഉന്നയിച്ച് റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറാണ് വൈദ്യുതി നിയമത്തിലെ പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ പുനഃസ്ഥാപിക്കുന്നത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. കെഎസ്ഇബിക്ക് ഇരുട്ടടിയായി ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ദീർഘകാല കരാർ റദ്ദാക്കിയത്. സാങ്കേതിക പ്രശ്നങ്ങളും നടപടി ക്രമങ്ങളിലെ വീഴ്ചയും ഉന്നയിച്ചാണ് ആര്യാടന്റെ കാലത്തെ ഒപ്പിട്ട 465 മെഗാ വാട്ടിന്റെ കരാർ റദ്ദാക്കിയത്. പക്ഷെ ഒറ്റയടിക്ക് 465 മെഗാ വാട്ട് ഇല്ലാതായതും മഴ കുറഞ്ഞതും വഴി ബോർഡ് കടുത്ത പ്രതിസന്ധിയിലായി. മുഖ്യമന്ത്രി വരെ കമ്മീഷൻ്റെ നടപടിയെ വിമർശിച്ചിരുന്നു. ഒടുവിൽ കെഎസ്ഇബി ആവശ്യം അംഗീകരിച്ചാണ് സർക്കാർ ഇടപെടൽ.

നയപരമായ കാര്യങ്ങളിൽ സർക്കാറിന് ഇടപെടാൻ അധികാരം നൽകുന്ന വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി. സർക്കാർ നിർദ്ദേശം പാലിച്ച കമ്മീഷൻ ഇനി കരാർ പുനസ്ഥാപിക്കാനുള്ള നടപടിയിലേക്ക് നീങ്ങും. കരാർ റദ്ദാക്കിയ നടപടിക്കെതിരെ അപ്പലേറ്റ് ട്രിബ്യൂണലിൽ കെഎസ്ഇബി നൽകിയ കേസിൽ സർക്കാറും കക്ഷിചേരും. ബോർഡിന് അടിയന്തിര സ്റ്റേ അനുവദിച്ചിരുന്നില്ല. കരാർ പുനഃസ്ഥാപിക്കുന്നത് വഴി യൂണിറ്റിന് മൂന്നര രൂപ മുതൽ 4.29 രൂപ വരെയുള്ള കുറഞ്ഞ നിരക്ക് ഇനി 18 വർഷം കൂടി മൂന്ന് കമ്പനികളിൽ നിന്നും ബോർഡിന് വൈദ്യുതി കിട്ടും. സമീപകാലത്ത് തുറന്ന ഹ്വസ്വകാല ടെണ്ടറിലെല്ലാം കമ്പനികൾ മുന്നോട്ട് വെച്ചത് വൻതുകയായിരുന്നു. നിലവിൽ കൂടിയ വിലക്ക് പുറത്തുനിന്നും വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി ക്ഷാമം മറികടക്കുന്നത്.

അതേസമയം 150 മെഗാ വാട്ട് വൈദ്യുതി വാങ്ങാനുള്ള ലഘു കരാറിലും ഉയർന്ന തുകയാണ് കമ്പനികൾ മുന്നോട്ട് വെച്ചത്. യൂണിറ്റിന് 7 രൂപ 60 പൈസ മുതൽ 9 രൂപ 36 പൈസ വരെയാണ് ലഘു കരാറില്‍ കമ്പനികൾ മുന്നോട്ട് വെച്ചത്. നിരക്ക് കുറക്കണമെന്ന് കെഎസ്ഇബി കമ്പനികളോട് ആവശ്യപ്പെട്ടു.

ആര്യാടൻ മുഹമ്മദിന്‍റെ കാലത്ത് 25 വർഷത്തേക്ക് ഒപ്പിട്ട കരാറായിരുന്നു ഈ മെയ് 10ന് റദ്ദാക്കിയത്. ഇതോടെ 465 മെഗാ വാട്ട് കുറഞ്ഞു. മഴയും കുറഞ്ഞതോടെ പ്രതിസന്ധി ഇരട്ടിച്ചു. യൂണിറ്റിന് 4 രൂപ 29 പൈസക്ക് കിട്ടിയിരുന്ന വൈദ്യുതിക്ക് ഇപ്പോൾ 9 രൂപ ശരാശരി നൽകിയാണ് പ്രതിദിനം പവർ എക്സ്ചേഞ്ചിൽ നിന്നും വാങ്ങുന്നത്. കരാർ പുനസ്ഥാപിക്കണമെന്ന് കെഎസ്ഇബി നിരന്തരം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഒടുവിൽ സർക്കാർ ഇടപെടൽ.