‘തിരുത്തിയത് കൊണ്ടും തീരില്ല’; സിപിഎം വിശ്വാസങ്ങളിലേക്ക് കടന്നു ചെല്ലരുത്: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സിപിഎം സംസ്ഥാന സമിതിയംഗം അഡ്വ. കെ അനിൽ കുമാർ ഉയർത്തിയ ‘ തട്ട ‘ വിവാദം തിരുത്തിയത് കൊണ്ട് തീരില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സിപിഐഎം തിരുത്തേണ്ട ഘട്ടം ഉണ്ടാക്കാൻ പാടില്ലായിരുന്നു. ബിജെപിയുടെ ആയുധം എന്തിന് അവർ ഉപയോഗിച്ചു. ഇൻഡ്യ മുന്നണിയിലെ ഒരു കക്ഷിക്ക് ഉണ്ടാകാൻ പാടില്ലാത്ത നിലപാടാണ് തട്ടം വിഷയത്തിൽ സി.പി.എം സ്വീകരിച്ചതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരുത്തിയത് കൊണ്ട് തീരില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കർണാടക തെരഞ്ഞെടുപ്പിൽ ഈ വിഷയത്തിലാണ് കോൺഗ്രസ് ഉറച്ച നിലപാടെടുത്തത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്‍റെ വസ്ത്രധാരണ രീതി മാറ്റിക്കാൻ കഴിഞ്ഞു എന്ന് വലിയ വിപ്ലവമാക്കി പറഞ്ഞത് അതിശയം തന്നെയാണ്.ഈ പറയുന്ന വസ്ത്രങ്ങൾ അഴിച്ചുവെച്ചിട്ടല്ല ഇതൊന്നും നേടിയത്. ശബരിമല ആയാലും ശരി, ന്യൂനപക്ഷങ്ങളുടെ ഭക്ഷണ, വസ്ത്ര, വിശ്വാസമായാലും ശരി, വിശ്വാസങ്ങളിലേക്ക് കടന്നുചെല്ലരുത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിപിഐഎം വിശ്വാസങ്ങളിലേക്ക് കടന്ന് ചെല്ലരുത്. അത് നല്ലതല്ല. അതിന്റെ ശാസ്ത്രീയത തിരയുന്നതിൽ പ്രസക്തിയില്ല. ഇൻഡ്യ മുന്നണിയിൽ ഉള്ള ഒരു പാർട്ടിയിൽ നിന്ന് ഉണ്ടാകേണ്ട പ്രസ്താവനയല്ല ഉണ്ടായത്. ഇങ്ങനെയൊരു പ്രസ്താവന എങ്ങനെ ഉണ്ടായെന്നത് പരിശോധിക്കണമെന്നു കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

മലപ്പുറം പരാമർശം പണ്ടേ ഉണ്ടായിരുന്നതാണ്. ഇപ്പോൾ മാറി എന്നാണ് കരുതിയിരുന്നത്. വസ്ത്രങ്ങൾ അഴിച്ചു വെച്ചല്ല ആരും വലിയ നേട്ടങ്ങൾ കരസ്ഥമാക്കിയത്. ഈ വസ്ത്രം ധരിച്ചു തന്നെ മുന്നേറുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ്, വോട്ടിന് വേണ്ടി മതപ്രീണനം നടത്തുന്ന സിപിഐഎമ്മിന്റെ എക്കാലത്തേയും നിലപാട്. ഇത് തന്നെയാണ് അനില്‍കുമാറിന്റെ പ്രസ്താവനയിലൂടെയും പുറത്ത് വന്നിരിക്കുന്നത്.

മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സമിതിയംഗമായ അഡ്വ. കെ അനില്‍കുമാറിന്റെ വിവാദ പരാമര്‍ശം.