ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകീട്ട് 5 മണിക്ക് ശാന്തി കവാടത്തിൽ നടക്കും. നാളെ രാവിലെ 11 മണിക്ക് എകെജി സെന്ററിലും 2 മണിക്ക് സിഐടിയു ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.

ട്രേഡ് യൂണിയൻ രം​ഗത്തെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാന പ്രസിഡൻറായിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുൻ അംഗമാണ്. മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എം എൽ എയായത്. 1979ൽ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു.

1956ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം, 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985-ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി.