‘മന്ത്രിമാർക്ക് മൂക്കുകയ’റിട്ട് പാർട്ടി: മന്ത്രിമാർ രാഷ്ട്രീയ പ്രതിരോധം തീർക്കണം; പ്രസ്താവനകള്‍ വിവാദപരമാകരുത്; ഓഫീസ് മുഴുവൻ സമയം പ്രവർത്തിക്കണം: സിപിഎം റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം

മന്ത്രി ഓഫീസിന് അവധിയില്ല. അവധി ദിവസവും ഓഫീസ് സമയത്ത് സ്റ്റാഫുകള്‍ ഉണ്ടായിരിക്കണം. മന്ത്രിമാര്‍ പാര്‍ട്ടി നയം പാലിക്കണമെന്നും നിർദ്ദേശം.

തിരുവനന്തപുരം: മന്ത്രിമാര്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കണമെന്ന നിര്‍ദ്ദേശവുമായി സിപിഐഎം. രാഷ്ട്രീയമായി ശക്തമായ ആക്രമണം എതിരാളികളില്‍ നിന്നുണ്ടാകുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാരിനെതിരെ അവമതിപ്പുണ്ടാക്കുന്ന ഇടപെടല്‍ നടക്കുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രത്യേകിച്ചും അവമതിപ്പുണ്ടാക്കുന്ന ഇടപെടല്‍ നടക്കുന്നുവെന്നും അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ ഘട്ടത്തില്‍ ഫലപ്രദമായി ഇടപെടുന്നതിന് മന്ത്രിമാര്‍ക്ക് കഴിയേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശമുള്ളത്.

മന്ത്രിമാരുടെ പ്രസ്താവനകള്‍ വിവാദപരമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സിപിഐഎം റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. മന്ത്രി ഓഫീസിന് അവധിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസ് അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കണമെന്ന് സിപിഐഎം റിപ്പോ‍ർട്ടിൽ പറയുന്നു. അവധി ദിവസവും ഓഫീസ് സമയത്ത് സ്റ്റാഫുകള്‍ ഉണ്ടായിരിക്കണമെന്നും മന്ത്രിമാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നല്ല നിലയില്‍ വിലയിരുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിക്കുന്നത്.

മന്ത്രിമാര്‍ പാര്‍ട്ടി നയം പാലിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. നയപരമായ കാര്യങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കാവൂവെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. അത് ഉറപ്പാക്കണമെന്ന നിര്‍ദ്ദേശവും മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ കൊണ്ട് നയപരമായ കാര്യങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ശ്രദ്ധ പതിയണം. ജില്ലാ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ മന്ത്രിമാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പ്രകടന പത്രികയിലൂന്നി വകുപ്പിലെ കാര്യങ്ങള്‍ യഥാസമയം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.