Breaking
18 Sep 2024, Wed

ലോകകപ്പ് പൂരം കൊടിയേറുകയാണ്!

ഇനി ക്രിക്കറ്റാവേശത്തിന്റെ നാളുകള്‍; രാജ്യം ആതിഥ്യം വഹിക്കുന്ന ലോകകപ്പിന് അഹമ്മദാബാദില്‍ ഇന്ന് തുടക്കം

ആദ്യ പോരാട്ടം ഇന്ന് ഇംഗ്ലണ്ട്-ന്യൂസിലൻഡ്; 2011 ന് ശേഷം കപ്പ് ആതിഥേയരായ ഇന്ത്യ സ്വന്തമിക്കുമോ.. 2019 ലോകകപ്പ് ഫൈനലിൽ ഏറെ വിവാദങ്ങൾക്കൊടിവിൽ കപ്പുയർത്തിയ ഇംഗ്ലണ്ട് ലോകകപ്പിലെ വിജയത്തുടർച്ച തേടുമ്പോൾ, കലാശപ്പോരാട്ടത്തിലെ പക തീർക്കാനാകും ന്യൂസിലാൻഡ് ഇറങ്ങുക

അഹമ്മദാബാദ്: 2023 ഏകദിന ലോകകപ്പിന് ഇന്ന് ഇന്ത്യയിൽ തുടക്കമാകുന്നു. ലോകത്തിന്റെ ക്രിക്കറ്റ് കണ്ണുകൾക്ക് ഇന്ത്യയാണിനിയെല്ലാം. നായകനിൽനിന്ന് നാണയം ടോസായി ഉയരുമ്പോൾ ആ ലോകം ഉണരും. സ്റ്റേഡിയങ്ങൾ അടയ്ക്കുമ്പോൾ അവർ ഉറങ്ങും. അങ്ങനെ 46 ദിനരാത്രങ്ങൾ… ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തിനായി ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേരയിലെ നരേന്ദ്രമോദി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു.

ആതിഥേയ രാജ്യമെന്ന നിലയിൽ ഇന്ത്യയാണ് ലോകകപ്പിലെ ഫേവറിറ്റുകൾ. 2011 ന് ശേഷം ഇന്ത്യ ലോകകപ്പ് തൂക്കിയടിക്കുമോ എന്നറിയാനാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് ഇന്ന് അഹമ്മദാബാദിൽ തുടക്കമാകുമ്പോൾ 2019 ലോകകപ്പ് കലാശപ്പോരാട്ടത്തിലെ എതിരാളികളാണ് നേർക്കുനേർ. വ്യാഴാഴ്ച രണ്ടുമണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണേഴ്സ് അപ്പായ ന്യൂസീലൻഡും കൊമ്പുകോർക്കും. 2019 ലോകകപ്പ് ഫൈനലിൽ ഏറെ വിവാദങ്ങൾക്കൊടിവിൽ കപ്പുയർത്തിയ ഇംഗ്ലണ്ട് ലോകകപ്പിലെ വിജയത്തുടർച്ച തേടുമ്പോൾ, കലാശപ്പോരാട്ടത്തിലെ പക തീർക്കാനാകും ന്യൂസിലാൻഡ് ഇറങ്ങുക.

ലോകത്തെ ഏറ്റവും മികച്ച 10 ടീമുകൾ 10 വേദികളിലായി ഏറ്റുമുട്ടുന്ന 48 മത്സരങ്ങൾ. നവംബർ 19-ന് മൊട്ടേരയിലെ ഇതേ സ്റ്റേഡിയത്തിൽ ലോകകപ്പ് ആർക്കെന്ന് തീരുമാനിക്കപ്പെടും. ക്രിക്കറ്റിന്റെ മെഗാ കാർണിവലിന് മണിമുഴക്കാൻ ബുധനാഴ്ച 10 ടീമുകളുടെയും നായകന്മാർ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ക്ലബ്ബ് ഹൗസിൽ സംഗമിച്ചു.

അതിനിടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെക്കുറിച്ച് പങ്കുവച്ചും ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിച്ചു നായകൻ രോഹിത് ശർമ്മ രംഗത്തെത്തി. ലോകകപ്പ് ടീമിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ചില താരങ്ങളെ അന്തിമ ടീമില്‍ നിന്ന് ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും എന്നാല്‍ വിഷമകരമെങ്കിലും ടീമിനുവേണ്ടിയാണ് ആ തീരുമാനം എടുക്കേണ്ടിവന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി. ടീം തെരഞ്ഞെടുപ്പിന് പിന്നിലെ മാനദണ്ഡം സംബന്ധിച്ച് ടീം മാനേജ്മെന്‍റിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ രോഹിത് പറഞ്ഞു.

എല്ലാ തീരുമാനങ്ങളും എടുത്തത് ടീമിനുവേണ്ടിയാണ്. അത് ചെയ്തെ മതിയാവു. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഓരോരുത്തരെയും ഞാന്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നു. കാരണം, എന്തുകൊണ്ടാണ് ഒഴിവാക്കപ്പെട്ടത് എന്നതിനെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ കളിക്കാര്‍ അസ്വസ്ഥരാവും. അത് സ്വാഭാവികമാണ്. ഞാനും ഇത്തരം ഘട്ടങ്ങളിലൂചെ കടന്നുപോയ കളിക്കാരനാണ്. എന്‍റെ ഒരേയൊരു അജണ്ട, ടീമില്‍ നിന്ന് എങ്ങനെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാമെന്നത് മാത്രമാണ്. ടീമില്‍ ആരൊക്കെ വേണമെന്നത് തീരുമാനിക്കുന്നത് ഞാന്‍ മാത്രമല്ല, അത് കൂട്ടായ തീരുമാനമാണെന്നും രോഹിത് പറഞ്ഞു. ഇന്ത്യൻ ടീമിന് ലോകകപ്പ് നേടാനുള്ള കരുത്തുണ്ടെന്നും ബാക്കിയെല്ലാം മത്സരദിവസത്തെ പ്രകടനം പോലെയാണെന്നും നായകൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *