ബംഗാള്‍ മന്ത്രിയുടെ വീടുകളില്‍ ഇഡി റെയ്ഡ്; തമിഴ്‌നാട്ടിൽ ഡിഎംകെ എംപിയുടെ വസതിയിലും പരിശോധന

ന്യൂഡല്‍ഹി: മുന്‍സിപ്പല്‍ നിയമന കേസില്‍ ബംഗാളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്. ബംഗാള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയും തൃണമൂല്‍ നേതാവുമായ രത്തിന്‍ ഘോഷിന്‍റെ വീടുകളില്‍ ഉള്‍പ്പടെ 13 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നേരത്തെ ഇഡി റെയ്ഡ് നടന്നിരുന്നു. ഇതിനു പിന്നാലെയാണിപ്പോള്‍ മന്ത്രിയുടെ വസതിയിലും സ്ഥാപനങ്ങളിലും വ്യാപകമായ പരിശോധന നടക്കുന്നത്.

നേരത്തേ മധ്യംഗ്രാം മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്നപ്പോള്‍ രതിന്‍ ഘോഷ് നിയമനവുമായി ബന്ധപ്പെട്ട് കോടികള്‍ കൈപ്പറ്റിയെന്നാണ് കേസ്. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് 1500 ഓളം പേരെ വിവിധ പോസ്റ്റുകളിലായി നിയമിച്ചു. ഇതിന് വന്‍തോതില്‍ പണം കൈപ്പറ്റിയെന്നുമാണ് പരാതി. പരാതിയില്‍ മന്ത്രിക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. സംഭവത്തില്‍ മറ്റ് തൃണമൂല്‍ നേതാക്കള്‍ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇഡി അറിയിച്ചു.

തമിഴ്നാട്ടിലും ഇന്ന് രാവിലെ മുതല്‍ ഡിഎംകെ എംപി എസ്. ജഗത് രക്ഷകന്‍റെ വീട്ടിൽ ആദായ നികുതി റെയ്ഡ് നടന്നിരുന്നു. എംപിയുമായി ബന്ധമുള്ള 40 ഇടങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കമാണ് റെയ്ഡ് നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുൻ കേന്ദ്ര സഹമന്ത്രിയും ആരക്കോണം എം പിയുമാണ് ജഗത് രക്ഷകൻ. തമിഴ്നാട്ടിൽ ഡിഎം.കെ നേതാക്കളുടെ വീട്ടിൽ നേരത്തേയും റെയ്ഡ് നടന്നിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ മദ്യനയക്കേസുമായി ബന്ധപ്പെട്ട് എഎപി എംപി സഞ്ജയ് സിങിന്‍റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഇതിനു പിന്നാലെ സഞ്ജയ് സിങ് അറസ്റ്റിലാവുകയായിരുന്നു.