തൃശൂര്‍: മാളയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. എങ്ങനെയാണ് സ്‌കൂട്ടര്‍ കത്തിനശിച്ചത് എന്ന വിവരം ലഭ്യമായിട്ടില്ല. ബാറ്ററിയുമായി ചാര്‍ജ് ചെയ്യുന്ന ഇലാടിക് പ്ലഗ് ബന്ധം വിച്ഛേദിച്ചിരിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. മാള മണലിക്കാട് വീട്ടില്‍ മെറിന്‍ സോജന്‍ എന്ന വിദ്യാര്‍ഥി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ പുറത്തേയ്ക്ക് പോകാന്‍ വാഹനം എടുക്കാന്‍ പോകുന്നതിനിടെ പുക ഉയരുന്നതാണ് ആദ്യം കണ്ടത്. അതിനിടെ കരിഞ്ഞ മണവും പുറത്തേയ്ക്ക് വന്നിരുന്നു. ഉടന്‍ തന്നെ മെറിന്റെ അച്ഛന്‍ സോജന്‍ സ്‌കൂട്ടര്‍ എടുത്ത് വീടിന്റെ പുറത്തേയ്ക്ക് കൊണ്ടുപോയി. അപ്പോഴേക്കും സ്‌കൂട്ടറില്‍ തീ ആളിപടര്‍ന്നിരുന്നു. ഉടന്‍ തന്നെ വെള്ളം ഒഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സ്‌കൂട്ടറിന്റെ ഭൂരിഭാഗവും കത്തിനശിച്ചു.
സ്‌കൂട്ടര്‍ ഉടന്‍ തന്നെ പുറത്തേയ്ക്ക് കൊണ്ടുപോയത് കൊണ്ട് വലിയ അപകടം ഒഴിവായി. അല്ലെങ്കില്‍ മറ്റു വാഹനങ്ങളിലേക്കും തീ പടരുമായിരുന്നു. ജെമോപൈയുടെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഡീലര്‍മാരെ വീട്ടുകാര്‍ വിവരം അറിയിച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയില്‍ മാത്രമേ സ്‌കൂട്ടറിന് തീപിടിക്കാനുള്ള കാരണം വ്യക്തമാകുകയുള്ളൂ. 21 മാസം മുമ്പാണ് സ്കൂട്ടർ വാങ്ങിയിരുന്നത്.