‘നാറിപ്പുളിച്ചിട്ടും പ്രതികരണമില്ലാതെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നു’; പിണറായിക്കെതിരേ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഇതുപോലെ നാറിപ്പുളിച്ച ഇടതുപക്ഷ സർക്കാർ ഇതുവരെ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് സുധാകരൻ വിമർശിച്ചു. കഴിവില്ലാത്ത ഇടതുപക്ഷ മുഖ്യമന്ത്രി ഉണ്ടായിരുന്നപ്പോഴും ഭരണരംഗത്ത് ഇതുപോലത്തെ തകർച്ച ഉണ്ടായിട്ടില്ല. അഴിമതിയുടെ കൂത്തരങ്ങായി സംസ്ഥാനം മാറി. ഇതിലെ വില്ലൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുധാകരൻ ആരോപിച്ചു.

മാസപ്പടി വിവാദത്തിൽ തൃപ്തികരമായ മറുപടി പറയാൻ സാധിക്കാത്ത മുഖ്യമന്ത്രിക്ക് ആ കസേരയിൽ ഇരിക്കാൻ ലജ്ജയില്ലേയെന്നും സുധാകരൻ ചോദിച്ചു. ഇങ്ങനെയൊരു മുഖ്യമന്ത്രി ഇന്ത്യയിൽ എവിടെയെങ്കിലുമുണ്ടോ? നാറിപ്പുളിച്ചിട്ടും ഒരു പ്രതികരണവുമില്ലാതെ ചടഞ്ഞുകൂടി മുഖ്യമന്ത്രികസേരയിൽ ഇരിക്കുന്ന മുഖ്യമന്ത്രി ഇന്ത്യയുടെ ചരിത്രത്തിലുണ്ടോയെന്നും സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രിയെ തിരുത്താൻ പാർട്ടിയുടെ അഖിലേന്ത്യാ നേതാക്കൻമാർക്ക് പോലും നട്ടെല്ലില്ലെന്നും സുധാകരൻ പരിഹസിച്ചു. ഒന്നെങ്കിൽ അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രിയെ തിരുത്തണം. അല്ലെങ്കിൽ അദ്ദേഹം രാജിവെക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് ഏറെ അനുകൂലമാണ്. 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് സമാനമായ ചരിത്ര വിജയം ഇത്തവണയും ആവർത്തിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. രാഷ്ട്രീയ സാഹചര്യം അത്രയും അനുകൂലമായതിനാൽ 20 സീറ്റും നേടാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും സുധാകരൻ പറഞ്ഞു.

തട്ടം വിവാദം, സജി ചെറിയാന്റെ ഗൾഫ് നാടുകളിലെ ബാങ്കുവിളി പരാമർശം, എം.വി.ഗോവിന്ദൻ ക്രിസ്ത്യൻ പള്ളിക്കെതിരെ നടത്തിയ പരാമർശം. മിത്തു വിവാദം, ശബരിമല വിശ്വാസ സംരക്ഷണ പ്രക്ഷോഭം, നാമജപ ഷോഘയാത്രയുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങി സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ ഒരുപാട് സംഭവങ്ങൾ കേരളത്തിലുണ്ടെന്നും സുധാകരൻ വിശദീകരിച്ചു.

അഖിലേന്ത്യ തലത്തില്‍ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ സാഹചര്യവും കോണ്‍ഗ്രസിന് അനുകൂലമാണ്. ഇന്ത്യ സഖ്യത്തിന്റെ മുന്നിലും രാഹുല്‍ വരുകയാണ്. അദ്ദേഹത്തിന്റെ ജോഡോ യാത്ര ഉള്‍പ്പെടെ ഇന്ത്യയിലുണ്ടാക്കിയ മാറ്റം രാഹുല്‍ വേഴ്‌സസ് മോദി എന്നയിടത്തേക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ എത്തിക്കുകയാണ്‌. ചില സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടുകൂടി ഇത് യാഥാര്‍ത്യമാകുമെന്നും സുധാകരന്‍ പറഞ്ഞു.