കരിവണ്ണൂർ തട്ടിപ്പ്: കൺസോർഷ്യം കൈമലർത്തിയാൽ നിക്ഷേപകർ ഇരുട്ടിലാകും; കണ്ണൻ ഇന്ന്‌ സ്വത്തുവിവരങ്ങൾ കൈമാറുമോ?

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനു കുരുക്കു മുറുകുന്നു. സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണനെ രക്ഷപ്പെടുത്താൻ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായി സഹകരണ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന് 50 കോടി രൂപ കടമെടുക്കാനുള്ള നീക്കവും ഫലം കാണുമോ എന്നു കണ്ടറയിണം. പണം തിരിച്ചു കിട്ടുന്ന കാര്യത്തിൽ കൺസോർഷ്യത്തിനു രേഖാമൂലം ഉറപ്പ് വേണമെന്ന ആവശ്യവും ശക്തമാണ്.

അതിനിടെ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് സഹായം തേടിയ എം.കെ. കണ്ണന് ഇന്ന് നിർണായക ദിനമാണ്. സ്വത്തുവിവരങ്ങൾ കൈമാറാൻ കണ്ണന് ഇ ഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. ആദായ നികുതി രേഖകൾ, സ്യയാർജിത സ്വത്തുക്കൾ, കുടുംബാഗങ്ങളുടെ ആസ്തി വകകൾ എന്നിവയെല്ലാം അറിയിക്കാനാണ് നി‍ർദേശം. മുന്പ് രണ്ട് തവണ എം കെ കണ്ണനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കൊണ്ടുവന്നില്ല. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകുമെന്നാണ് എൻഫോഴ്സ്മെൻറ് വൃത്തങ്ങൾ പറയുന്നത്. കരുവന്നൂരിലെ കളളപ്പണ ഇടപാടിൽ എം കെ കണ്ണന് ഏതെങ്കിലും വിധത്തിലുളള പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റും കേരളാ ബാങ്ക് വൈസ് പ്രസിഡൻ്റുമാണ് സി പി എം നേതാവായ എം കെ കണ്ണൻ. കരുവന്നൂരിലെ തട്ടിപ്പിൽ ബന്ധമുണ്ടെന്ന സംശയത്തിലാണ് കരുവന്നൂർ കള്ളപ്പണയിടപാടുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രറേറ്റ് കണ്ണനേയും നോട്ടമിട്ടത്. എം കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ -ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞ ദിവസം നടത്തിയ റെയിഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാൻ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് സ്വത്ത് വിവരം ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.