സർക്കാർ ഓഫീസിലെ ഉറക്കശീലം മറന്നിട്ടില്ല; ഉദ്യോഗസ്ഥരെ പരിഹസിച്ച് മന്ത്രി രാധാകൃഷ്ണന്‍

തിരുവനന്തപുരം: എന്‍.ജി.ഒ. യൂണിയന്‍ പരിപാടിയിലെ പ്രസംഗത്തിനിടെ ഉറങ്ങിയ ഉദ്യോഗസ്ഥരെ പരിഹസിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍. ഓഫീസിലെ ആ ശീലം മറന്നിട്ടില്ലെന്ന് മുന്നില്‍ ഉറങ്ങുന്നവരെ നോക്കി മന്ത്രി പരിഹസിച്ചു. ദാരിദ്ര്യം മാറി എന്നതിന്റെ തെളിവാണ് ഈ ഉറക്കമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍: വന്നതുമുതല്‍ ശ്രദ്ധിക്കുകയാണ്, രണ്ടുമൂന്നുപേര്‍ ഉറങ്ങിക്കൊണ്ടേയിരിക്കുകയാണ്. പറഞ്ഞുവന്നത് അതിദാരിദ്ര്യ നിര്‍മാര്‍ജനമാണ്. ദാരിദ്ര്യം മാറി എന്നതിന്റെ തെളിവാണ് ഈ ഉറക്കം. ഒരിക്കല്‍ കുടുംബശ്രീയുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പോയി. അയ്യായിരത്തിലധികം കുടുംബശ്രീ സഹോദരിമാരെക്കൊണ്ട് അവിടെ ഹാള്‍ നിറഞ്ഞിരുന്നു.

https://youtu.be/PX7iej3wfMo?si=HdC-VZDEnQl1r3rO

Video Link :

https://youtu.be/PX7iej3wfMo?si=JGT5JpqJ2U71INMb

തന്റെ അപ്പുറത്ത് വടക്കേ ഇന്ത്യക്കാരനായ ഒരു കളക്ടറാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം വണ്‍, ടൂ, ത്രീ, ഫോര്‍ എന്നിങ്ങനെ എണ്ണാന്‍ തുടങ്ങി. ഇയാള്‍ക്ക് പിറുപിറുക്കുന്ന സ്വഭാവമുണ്ടോ എന്നു കരുതി. രണ്ടുമൂന്ന് പ്രാവശ്യം ഇടംകണ്ണിട്ടു നോക്കിയപ്പോഴും കളക്ടര്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്. ഓഫീസിലും അടുക്കളയിലുമൊക്കെ ഇരുന്ന് പിറുപിറുക്കുന്ന ഒരു ശീലമുണ്ടല്ലോ നമുക്കൊക്കെ. ആ ഗണത്തില്‍പ്പെട്ടതായിരിക്കുമെന്നാണ് കരുതിയത്. അങ്ങനെ 23 ആയപ്പോള്‍ അദ്ദേഹം 23 കസേര പൊട്ടിയെന്ന കാര്യം പറഞ്ഞു. കസേരയുടെ ബലക്കുറവുകൊണ്ട് പൊട്ടിയതായിരിക്കും എന്നുപറഞ്ഞ് ഞാന്‍ തിരിഞ്ഞുനിന്നു. അപ്പോള്‍ എന്നെ തോണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: സാര്‍, നമ്മള്‍ കുടുംബശ്രീ രൂപവത്കരിച്ചത് എന്തിനുവേണ്ടിയാണ്? ഞാന്‍ പറഞ്ഞു, ദാരിദ്ര്യം ലഘൂകരിക്കാന്‍ വേണ്ടി. നമ്മുടെ നാട്ടിലെ ദാരിദ്ര്യം ലഘൂകരിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മുടെ സഹോദരിമാര്‍ വന്നിരുന്നപ്പോള്‍ കസേരകള്‍ പൊട്ടിയത് എന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അതിദാരിദ്ര്യം ഏതാണ്ട് അര ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നാണ് നിതി ആയോഗിന്റെ കണക്ക്. ഈ അര ശതമാനം ആളുകളെ എങ്ങനെ മോചിപ്പിക്കാമെന്നതിന്റെ ചര്‍ച്ച നമ്മുടെ പ്രാദേശിക യോഗങ്ങളിലെല്ലാം നടക്കുകയാണ്. 2025 നവംബര്‍ ഒന്നാകുമ്പോഴേക്ക് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും-മന്ത്രി പറഞ്ഞു.